മനുഷ്യസംഭാഷണത്തിന്റെ മേല്‍പറഞ്ഞ പ്രത്യേകതകള്‍ ദൈവികസംഭാഷണവുമായി ചേര്‍ത്ത് പരിശോധിക്കാം. മനുഷ്യനോട് വ്യക്തിപരമായ സംഭാഷണത്തിനായി ആഗ്രഹിക്കുന്ന ദൈവം. അവിടുത്തെ അനന്തമായ സ്വാതന്ത്ര്യത്താലും സ്നേഹത്താലും തന്റെ തിരുവുള്ളം വെളിപ്പെടുത്തികൊണ്ട് ഈ സംഭാഷണത്തിന് തുടക്കം കുറിക്കുന്നു. അക്ഷരരൂപത്തിലാക്കപ്പെട്ടപ്പോഴേക്കും ഈ സംഭാഷണത്തിന്റെ യഥാര്‍ത്ഥ ചൂരും ചൂടും കുറെ നഷ്ടപെട്ടെങ്കിലും അതിലെ ഉള്ളടക്കത്തെ കുറിച്ചുള്ള ശരിയായ തിരിച്ചറിവുകള്‍ മനുഷ്യഹൃദയത്തെ ചൂട് പിടിപ്പിക്കുന്നു, അത് അവനില്‍ പുതുജീവന്‍ നിറക്കുന്നു. തദനുസൃതമായ് അവന്റെ പ്രതികരണത്തിലൂടെ ഈ സംഭാഷണം വളര്‍ച്ച പ്രാപിക്കുന്നു.
ഇവിടെ തത്വശാസ്ത്രകാഴ്ച്ചപാടിലെ ഒരു ദൈവത്തേയല്ല പരാമര്‍ശിക്കുന്നത്. സര്‍വ്വശക്തനായ, മനുഷ്യചരിത്രത്തില്‍ ഇടപെട്ട് അവനോട് വ്യക്തിപരമായ സംഭാഷണത്തില്‍ ഏര്‍പ്പെട്ടു എന്ന് വിശ്വസിക്കുന്ന ഒരു ജനതയുടെ ജീവിക്കുന്ന ദൈവത്തെക്കുറിച്ചാണ്. താത്വികമായി 'ദൈവം സംസാരിച്ചു' എന്ന് പറയുന്നത് വൈരുദ്ധ്യാത്മകമാണ്. കാരണം ശരീരപ്രകൃതിയില്ലാത്ത ഒരു ദൈവം മനുഷ്യന്‍ സംസാരിക്കുന്നതുപോലെ അധരങ്ങള്‍ കൊണ്ട് എങ്ങനെ സംസാരിക്കും? തീര്‍ച്ചയായും അറിവിന്റെ വിവിധതലങ്ങളില്‍ നില്‍ക്കുന്നവര്‍ക്ക് തദനുസൃതമായി ഈ വസ്തുത മനസ്സിലാക്കാനാവും. ഒരു സാധാരണ വിശ്വാസിക്ക് കൊടുംങ്കാറ്റിലും അഗ്നിയിലും നിശബ്ദതയിലും ദൈവസ്വരം മുഴങ്ങി എന്നത് ഉള്‍കൊള്ളാനാവും. മനശാസ്ത്രജ്ഞനെ സംബന്ധിച്ചിടത്തോളം ഒരുപക്ഷെ മനസ്സിന്റെ അകത്തളങ്ങളിലായിരിക്കാം ഈ ദൈവികസ്വരം മുഴങ്ങുന്നതായി മനസ്സിലാക്കുന്നത്. ഭൗതികശാസ്ത്രജ്ഞന്‍ ശബ്ദവീചികളുടെ സാങ്കേതികത്വങ്ങളിലൂടേയും ഇവ മനസ്സിലാക്കുന്നുണ്ടാവാം. ദൈവം സംസാരിച്ച രീതി എങ്ങനെ മനസ്സിലാക്കിയാലും, പ്രതീകങ്ങളിലൂടെയാവാം അത്ഭുതങ്ങളിലൂടെയാവം ചരിത്രസംഭവങ്ങളിലൂടെയാവാം വാക്കുകളിലൂടേയാവാം, ദൈവം സംസാരിച്ചു എന്നുള്ളതാണ് പ്രധാനം. ഈ സംഭാഷണം അവന്‍ ബാഹ്യേന്ദ്രീയങ്ങളിലൂടേയൊ അന്തരികേന്ദ്രിയങ്ങളിലൂടെയൊ അവന്‍ തിരിച്ചറിഞ്ഞു അഥവാ 'അനുഭവിച്ചു'.
മനുഷ്യന്‍ ഈ ദൈവികസംഭാഷണം 'അനുഭവിക്കുന്ന' നിമിഷം തന്നെ അവന്റെ തിരിച്ചറിവുകളുടെ പരിമിതികളിലേക്ക് അത് ചുരുക്കപ്പെടുകയാണ്. അത്തരത്തിലേ അവന് അത് മനസ്സിലാക്കാനും പകര്‍ന്ന് കൊടുക്കാനും സാധിക്കുകയൊള്ളു. ഇത്തരത്തില്‍ ഒരു ജനതയുടെ സാമൂഹികവും സാസ്കാരികവും സാഹിത്യപരവുമായ പരിമിതികളിലേക്ക് ചുരുക്കപ്പെട്ട 'ദൈവവചനമാണ്' വിശുദ്ധഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ദൈവം അരുളിചെയ്തതിന്റെ അക്ഷരംപ്രതിയുള്ള പകര്‍പ്പെഴുത്താണ് ബൈബിളിലെ വരികള്‍ എന്നത് തികച്ചും തെറ്റായ ഒരു ധാരണയാണ്. അതായത്, വിശുദ്ധഗ്രന്ഥം ദൈവവചനമാണ് എന്ന വസ്തുത അക്ഷരാര്‍ത്ഥത്തില്‍ പറയാനാവില്ല. മനുഷ്യഭാഷയില്‍ എഴുതപ്പെട്ട ദൈവവചനമാണ് വിശുദ്ധഗ്രന്ഥം. വിശുദ്ധഗ്രന്ഥത്തില്‍ ദൈവവചനം അടങ്ങിയിരിക്കുന്നു എന്നാണ് നാം മനസ്സിലാക്കേണ്ടത്.
ചരിത്രത്തിലൂടെ തന്നെ വെളിപ്പെടുത്തിയ ദൈവത്തെ 'അനുഭവിച്ച' ഒരു ജനതയുടെ ആത്മാവിഷക്കാരമാണ് ബൈബിള്‍ എന്നും പറയാം. പുരോഗമനപരമായ ഈ അനുഭവങ്ങള്‍ എല്ലാവര്‍ക്കുമായി തലമുറകളിലൂടെ പകര്‍ന്ന് കൊടുക്കപ്പെട്ടു. ആദ്യം വാചികപാരമ്പര്യങ്ങളായി ഇവ സമൂഹത്തില്‍ പരിരക്ഷിക്കപ്പെട്ടു. പിന്നീട് കുറേശ്ശെയായി വ്യത്യസ്തരചനാരൂപങ്ങളിലൂടെ ഈ അനുഭവങ്ങള്‍ വിരചിതമായി. വിശ്വാസപരമായ ചരിത്രാഖ്യാനം, ഇതിഹാസരൂപമായ വിവരണങ്ങള്‍, കഥകള്‍, ഉപമകള്‍, ഗീതങ്ങള്‍, പഴഞ്ചൊല്ലുകള്‍, പ്രാര്‍ത്ഥനകള്‍ തുടങ്ങിയവയാണ് ഈ രചനാരൂപങ്ങള്‍. ക്രിസ്തുവിന് മുമ്പ് എകദേശം 1250 മുതല്‍ ക്രിസ്തുവര്‍ഷം 150 വരേയുള്ള 1400 വര്‍ഷത്തെ ദീര്‍ഘമായ കാലയളവിനുള്ളിലാണ് ബൈബിളിലെ വിവിധ പുസ്തകങ്ങള്‍ ഹീബ്രൂ, അറമായ, ഗ്രീക്ക് ഭാഷകളില്‍ രചിക്കപ്പെട്ടത്.
(തുടരും)
5 comments:
നല്ലത് .കൂടുതല്‍ അറിവ് പകരുക.ആശംസകള്‍
വായിച്ചു...നല്ല ഭാഷ...നല്ല വിവരണം...
സഞ്ചാരീ, ചെറുതെങ്കിലും വേദപുസ്തകത്തിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ഈ മുഖവുര നന്നായി.
തുടരുക
പ്രതികരണങ്ങള്‍ അറിയിച്ച കാപ്പിലാനും ശിവക്കും അപ്പുവിനും സാബുവിനും ഒത്തിരി നന്ദി. നിങ്ങള്‍ക്കായി അടുത്തലക്കം സമര്‍പ്പിക്കുന്നു.
Post a Comment