Tuesday, May 27, 2008

ബൈബിള്‍ ദൈവനിവേശിതം

മഹാസാഗരത്തിന്റെ തീരത്ത്‌ അസ്തമയാകാശം നോക്കിയിരിക്കുമ്പോള്‍ ഒരിക്കലും മടുപ്പ്‌ തോന്നാറില്ല. അതിന്റെ ചക്രവാളങ്ങള്‍ ദൈവത്തെകുറിച്ചും അനന്തതയെകുറിച്ചുമുള്ള ചിന്തകള്‍ നമ്മുടെ മനസ്സില്‍ ഉണര്‍ത്താറുണ്ട്‌. ഈ പ്രപഞ്ചം ദൈവത്തിന്റെ സൃഷ്ടിയായതിനാല്‍ സൃഷ്ടവസ്തുക്കളില്‍ മുഴുവനും ദൈവത്തിന്റെ ചൈതന്യം നിറഞ്ഞുനില്‍ക്കുന്നുണ്ട്‌. അതിനാലാവാം പ്രകൃതിയെ ധ്യാനിക്കുമ്പോള്‍ നമ്മില്‍ ഒരു നവചൈതന്യം നിറയുന്നതായി അനുഭവപ്പെടുന്നത്‌. സൃഷ്ടിയുടെ മകുടമായ മനുഷ്യനിലും ഈ ചൈതന്യം നിറഞ്ഞുനില്‍ക്കുന്നുണ്ട്‌. ചില വ്യക്തികള്‍ സംസാരിക്കുമ്പോള്‍, ചിലരുടെ കഥയോ കവിതയോ ലേഖനങ്ങളോ വായിക്കുമ്പോഴും വളരെ ഹൃദയസ്പര്‍ശിയായി അനുഭവപ്പെടുന്നു. ചിലര്‍ വളരെ യുക്തിഭദ്രമായും ശാസ്ത്രീയമായും വസ്തുതകള്‍ അവതരിപ്പിക്കുമ്പോഴും മറ്റുചിലര്‍ യുക്തിക്കതീതമായ കാര്യങ്ങള്‍ അവതരിപ്പിക്കുമ്പോഴും വ്യത്യസ്തരീതിയില്‍ അവയൊക്കെ പ്രചോദനമാകാറുണ്ട്‌. വിവിധ മതഗ്രന്ഥങ്ങളിലും, സംസ്കാരങ്ങളിലും, പാരമ്പര്യങ്ങളിലും, അനുഷ്ഠാനങ്ങളിലുമൊക്കെ അടങ്ങിയിരിക്കുന്ന ദൈവികചൈതന്യത്തിന്റെ കിരണങ്ങള്‍ ജാതിമതഭേദമന്ന്യ ഏവര്‍ക്കും അനുഭവവേദ്യമാണ്‌. മനുഷ്യനെ നന്മയിലേക്ക്‌ നയിക്കുന്ന, വിശ്വമാനവികതയിലേക്ക്‌ ഉയര്‍ത്തുന്ന സത്യത്തിന്റെ ഇത്തരം കിരണങ്ങളുടെ ഉത്ഭവം തീര്‍ച്ചയായും സൃഷ്ടാവായ ദൈവത്തില്‍ നിന്നുതന്നെയാവണം.

സൃഷ്ടപ്രപഞ്ചത്തിലും മനുഷ്യരിലും പൊതുവായി കാണപ്പെടുന്ന ദൈവികചൈതന്യത്തിന്റെ പ്രവര്‍ത്തനമാണ്‌ മുകളില്‍ പ്രതിപാദിച്ചത്‌. ഇതേ ചൈതന്യം ബൈബിളിലെ വചനങ്ങളില്‍ എങ്ങനെ പ്രവര്‍ത്തനനിരതമായി, അതിന്റെ പ്രത്യേകതകള്‍ എന്തൊക്കെ എന്നത്‌ മാത്രമാണ്‌ ഇനി പ്രതിപാദിക്കുന്നത്‌. ദൈവം ത്രിത്വമാണെന്നും, ത്രിത്വത്തിലെ മൂന്നാമത്തെ ആളാണ്‌ ദൈവത്തിന്റെ അരൂപി അഥവാ പരിശുദ്ധാത്മാവ്‌ എന്നതും ക്രെസ്തവവിശ്വാസത്തിന്റെ അടിസ്ഥാനമാണ്‌ . ജീവിതത്തില്‍ ചിലപ്പോഴെങ്കിലും തനിക്ക്‌ അതീതമായ ഒരു ചൈതന്യത്തിന്റെ സാമിപ്യവും നിയന്ത്രണവും സംരക്ഷണവും അനുഭവപ്പെടാത്തവര്‍ വിരളമായിരിക്കും എന്ന് തോന്നുന്നു. വളരെ ലളിതമായി പറഞ്ഞാല്‍ ഈ ഒരു ചൈതന്യമാണ്‌ പരിശുദ്ധാത്മാവ്‌ (പരിശുദ്ധാത്മാവിനെ കുറിച്ച്‌ വിശദമായി പിന്നീട്‌ എഴുതാം).

ബൈബിളിന്റെ രൂപീകരണത്തിലും തുടര്‍ന്നുമുള്ള പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്തിലൂടെ ബൈബിളിലെ വചനങ്ങള്‍ക്ക്‌ കൈവന്നിട്ടുള്ള പ്രത്യേകതയേയാണ്‌ ബൈബിള്‍ ദൈവനിവേശിതം എന്നതു കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. അതായത്‌ ചില പ്രത്യേക വ്യക്തികളിലൂടെ ദൈവം സംസാരിക്കുന്നു. ഈ 'ശബ്ദം' പരിശുദ്ധാത്മാവിന്റെ സഹായത്താല്‍ അവര്‍ ശ്രവിക്കുകയും മനസ്സിലാക്കുകയും മറ്റുള്ളവര്‍ക്ക്‌ പകര്‍ന്ന് കൊടുക്കുകയും ചെയ്യുന്നു. പിന്നീട്‌ ഇവയെല്ലം എഴുതപ്പെടുന്നു. ഇതെല്ലാം ഒരേ സമയത്തല്ല നടക്കുന്നത്‌, പക്ഷെ ഒരേ ആത്മാവിനാലാണ്‌ ഇവയെല്ലം തുടരുന്നത്‌. വിവിധവ്യക്തികളിലൂടെ വ്യത്യസ്തസമയങ്ങളില്‍ വ്യത്യസ്തരീതികളില്‍ വെളിപ്പെടുത്തപ്പെട്ട, സ്വാംശീകരിക്കപ്പെട്ട, പകര്‍ന്ന് കൊടുക്കപ്പെട്ട ദൈവവചനം ഒടുവില്‍ എഴുതപ്പെട്ട രൂപത്തിലാകുന്നു. സ്ഥലകാല പരിമിതികളില്ലാത്ത പരിശുദ്ധാത്മചൈതന്യം ബൈബിളിന്റെ ഈ രൂപികരണപ്രവര്‍ത്തികളെയെല്ലാം ഏകോപിപ്പിക്കുന്നു. തത്‌ഫലമായി പരിശുദ്ധാത്മാവിന്റെ ചൈതന്യം ബൈബിളിലെ ഓരോ വാക്കുകളിലും നിറഞ്ഞുനില്‍ക്കുന്നു.

വിവിധകാലഘട്ടങ്ങളില്‍ സഭാപിതാക്കന്മാരും ബൈബിള്‍ പണ്ഡിതരും വ്യത്യസ്ത രീതികളിലൂടെ ബൈബിള്‍ ദൈവനിവേശികതയെ കൂടുതല്‍ വിശദീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്‌. സഭാപിതാക്കന്മാര്‍ ഉപയോഗിച്ചിരുന്ന ഉദാഹരണങ്ങളില്‍ ഒന്നാണ്‌ ഓടക്കുഴലിന്റേത്‌. ദൈവം തന്റെ കരങ്ങളില്‍ ഓടക്കുഴലെടുത്ത്‌ ദൈവീകശ്വാസത്താല്‍ ശ്രുതിമധുരമായ ഒരു സംഗീതത്തിന്‌ രൂപം നല്‍കിയതുപോലെയാണ്‌ ബൈബിളിലെ ദൈവവചനം എന്ന് അവര്‍ ഉപമിക്കുന്നു. ഇവിടെ ഓടക്കുഴലിനോട്‌ ഉപമിക്കുന്നത്‌ ബൈബിളിന്റെ മാനുഷിക ഗ്രന്ഥകാരന്മാരേയാണ്‌, അവര്‍ ദൈവത്തിന്റെ കൈകളിലെ ഉപകരണങ്ങളായി വര്‍ത്തിക്കുന്നു. തത്‌ഫലമായുളവാകുന്ന സംഗീതത്തിനെ ഓടക്കുഴലിന്റേതായ പ്രത്യേകതകളും സ്വാധീനിച്ചിട്ടുണ്ടാകാം. ഈ ഉദാഹരണത്തിലൂടെ വിശുദ്ധഗ്രന്ഥത്തിന്റെ പ്രധാനഗ്രന്ഥകാരന്‍ ദൈവമാണ്‌ എന്ന വസ്തുതയാണ്‌ കൂടുതല്‍ വ്യക്തമാകുന്നത്‌, അതിലെ മാനുഷികസ്വാധീനം വളരെ നാമമാത്രമായാണ്‌ വിശദീകരിക്കപ്പെടുന്നത്‌.

മധ്യകാലഘട്ടത്തില്‍ തത്വശാസ്ത്രത്തിന്റെ സാങ്കേതിക ഭാഷയിലൂടെ ഇവ വിശദീകരിക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നു. ഈ വിശദീകരണമനുസരിച്ച്‌ ദൈവം തിരുവചനത്തിന്റെ പ്രഥമകാരണക്കാരന്‍ (principal cause) ആകുന്നു. മനുഷികഗ്രന്ഥകാരന്മാര്‍ ഉപകരണകാരണമായി (instrumental cause) വര്‍ത്തിക്കുന്നു. പക്ഷെ ഒരു ഉപകരണമായി പ്രവര്‍ത്തിക്കുക വഴി ഇവരുടെ സ്വാഭാവികകഴിവുകള്‍- യുക്തിപരമായി ചിന്തിക്കാനും, എഴുതാനുമൊക്കെയുള്ള കഴിവുകള്‍, നിശ്ചലമാക്കപ്പെടുകയൊ ഇല്ലാതാക്കപ്പെടുകയൊ ചെയ്യുന്നില്ല. മറിച്ച്‌ ദൈവാത്മാവിനാല്‍ ഈ കഴിവുകളെല്ലാം കൂടുതല്‍ പ്രചോദിതമാകുകയും ഉത്കൃഷ്ടമാക്കപ്പെടുകയും ചെയ്യുന്നു. അതായത്‌ ബൈബിള്‍ രചനയില്‍ മാനുഷികരചയിതാക്കള്‍ ദൈവവുമായി ഒരേസമയം സഹകരിച്ച്‌ പ്രവര്‍ത്തിക്കുന്നു, മാനുഷിക ഗ്രന്ഥകര്‍ത്താക്കള്‍ മാനുഷികരീതിയിലും ദൈവം ദൈവീകരീതിയിലും.

ആധുനികയുഗത്തില്‍ ബൈബിളിന്റെ രചനാപ്രക്രീയയെ അടിസ്ഥാനമാക്കി ചില പണ്ഡിതര്‍ ഇവ വിശദീകരിക്കുന്നുണ്ട്‌. അതനുസരിച്ച്‌ മൂന്ന് തലങ്ങളിലൂടെയാണ്‌ രചനാപ്രക്രിയ പുരോഗമിക്കുന്നത്‌. i. രചനക്കാവശ്യമായ ഘടകങ്ങള്‍ (materials): ഇത്‌ ഒരുവന്റെ തന്നെ ജീവിതാനുഭവങ്ങളോ (ദൈവാനുഭവമുള്‍പ്പെടെ) മറ്റുള്ളവരില്‍ നിന്ന് കേട്ടറിഞ്ഞതോ ആവാം. ഒരുപക്ഷെ വാര്‍ത്തകളും അറിവിന്റെ ശകലങ്ങളും മറ്റ്‌ എഴുതപ്പെട്ട സാഹിത്യരൂപങ്ങളും ആവാം. ഈ ഘടകങ്ങളൊന്നും ഈ സമയത്ത്‌ ദൈവനിവേശിതമാണ്‌ എന്ന് പറയാനാവില്ല. ii. അന്തര്‍ജ്ഞാനം (intuition): ഈ ഘട്ടത്തില്‍ മേല്‍പറഞ്ഞ രചനാഘടകങ്ങളിലൂടെ ഒരു പ്രത്യേക ഉള്‍കാഴ്ച രചയിതാവിന്‌ ലഭിക്കുകയാണ്‌. രചയിതാവിന്റെ ഈ അന്തര്‍ജ്ഞാനത്തെ പുളിപ്പിക്കപ്പെടുന്ന മാവിനോട്‌ ഉപമിക്കാം. ഇത്‌ രചനയുടെ ആദ്യനിമിഷങ്ങളാണ്‌. തീര്‍ച്ചയായും ഈ നിമിഷങ്ങളില്‍ ബൈബിള്‍ രചയിതാവിനെ 'ചലിപ്പിക്കുന്നത്‌' പരിശുദ്ധാതമാവ്‌ ആണ്‌. തത്‌ഫലമായി മറ്റൊരു യാഥാര്‍ത്ഥ്യത്തെ കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ അവന്‍ തന്നില്‍ തിരിച്ചറിയുകയാണ്‌. iii. കൃത്യനിര്‍വഹണം (execution): തിരിച്ചറിവിനെ തുടര്‍ന്ന് അവ എഴുതാനുള്ള ഒരു ഉള്‍ത്തുടിപ്പ്‌ അഥവാ ഈറ്റുനോവ്‌ അവന്‍ അനുഭവിക്കുന്നു. ഇത്‌ താന്‍ തിരിച്ചറിയുന്ന സത്യത്തെ രചനാരൂപമാക്കുന്ന പ്രക്രിയയാണ്‌. ഈ പ്രക്രിയയില്‍ രചയിതാവിന്റെ 'ലോകവും' അനുഭവങ്ങളും എല്ലാം അര്‍ത്ഥപൂര്‍ണ്ണമായ വാക്കുകളിലേക്ക്‌, സാഹിത്യശൈലിയിലേക്ക്‌ രൂപമാറ്റം ചെയ്യപ്പെടുന്നു. ഈ പരിണാമത്തിലാണ്‌ വചനത്തിന്റെ ദൈവനിവേശികത പ്രധാനമായും അടങ്ങിയിരിക്കുന്നത്‌. ഒരു ജനതയുടെ ദൈവാനുഭവങ്ങളും, രക്ഷാകരപ്രവര്‍ത്തികളും, ദൈവത്തോടുള്ള ജനത്തിന്റെ പ്രതികരണവും, വ്യക്തിപരമായ അനുഭവങ്ങളും, ചരിത്രാവബോധവും എല്ലാം ഇത്തരത്തില്‍ ദൈവനിവേശിതമായ വചനരൂപമായി മാറുന്നു.

മേല്‍പ്പറഞ്ഞവ ഓരോന്നും ബൈബിളിന്റെ ദൈവനിവേശികതയെ വ്യത്യസ്ത രീതികളില്‍ മനസ്സിലാക്കാനുള്ള വിശദീകരണങ്ങളാണ്‌. ചിലത്‌ ദൈവമാണ്‌ തിരുവചനത്തിന്റെ ഗ്രന്ഥകാരന്‍ എന്നത്‌ വ്യക്തമാക്കുമ്പോള്‍ മറ്റ്‌ ചിലത്‌ ബൈബിള്‍ രചനയിലെ മാനുഷിക ഗ്രന്ഥകാരന്മാരുടെ പങ്കിനെക്കുറിച്ചും അവരിലൂടെ പരിശുദ്ധാത്മാവ്‌ എങ്ങനെയാണ്‌ പ്രവര്‍ത്തിച്ചതെന്നും വിശദീകരിക്കാന്‍ ശ്രമിക്കുന്നു. ഒരു വിശദീകരണവും അതില്‍ തന്നെ പൂര്‍ണ്ണമാണെന്ന് പറയാനാവില്ല, ഒരോന്നിനും അതിന്റേതായ ഗുണങ്ങളും പോരായ്മകളും ഉണ്ട്‌.

വചനരൂപീകരണത്തില്‍ മാത്രം പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനം ഒതുങ്ങുന്നില്ല. ബൈബിളിലെ വാക്കുകളിലും അടയാളങ്ങളിലും മറഞ്ഞിരിക്കുന്ന ദൈവികരഹസ്യങ്ങളിലേക്ക്‌ ഒരുവന്‍ വിശ്വാസപൂര്‍വ്വം സമീപിക്കുമ്പോള്‍ ഇതേ ആത്മാവ്‌ വീണ്ടും പ്രവര്‍ത്തനനിരതനാകുന്നുണ്ട്‌. ഈ നിമിഷങ്ങളില്‍ വചനം പകരുന്ന ശക്തിയിലും സ്വാതന്ത്ര്യത്തിലും ജീവനിലും നിന്ന് ഒരുവന്‌ ഈ ആത്മസാമിപ്യം തിരിച്ചറിയാം. ദൈവവചനത്തിന്റെ ഉള്ളറകളിലേക്ക്‌ ആത്മാവ്‌ അവനെ നയിക്കുന്നു, ഹൃദയത്തെ പ്രചോദിപ്പിക്കുന്നു, ഉള്‍കണ്ണുകളെ തുറപ്പിക്കുന്നു, ദൈവത്തിലേക്ക്‌ അവന്റെ മനമുയര്‍ത്തുന്നു. വായിച്ചറിയുന്ന, അനുഭവിക്കുന്ന സത്യത്തെ അംഗീകരിക്കാനും വിശ്വസിക്കാനുമുള്ള കൃപ പരിശുദ്ധാത്മാവ്‌ അവന്‌ പകരുന്നു.

ചുരുക്കത്തില്‍, ഇതുവരെ പ്രതിപാദിച്ചതെല്ലാം ഉള്‍ക്കൊള്ളുന്ന സമഗ്രമായൊരു കാഴ്ചപ്പാടാണ്‌ ബൈബിളിലെ ദൈവനിവേശികതയെ കുറിച്ച്‌ പറയുമ്പോള്‍ ഉണ്ടാവേണ്ടത്‌. അതായത്‌ ദൈവം തന്നെത്തന്നെ വെളിപ്പെടുത്തിയ ആദ്യനിമിഷം മുതല്‍ ഏറ്റവും ഒടുവില്‍ എഴുതപ്പെട്ട പുസ്തകം വരേയും, തുടര്‍ന്ന് വിശ്വാസികള്‍ അവ വ്യക്തിപരമായും സാമൂഹികമായും മനസ്സിലാക്കുമ്പോഴും, ആത്മാവ്‌ പ്രവര്‍ത്തനനിരതനാണെന്നും ഈ അത്മാവിന്റെ പ്രവര്‍ത്തനം എന്നും ഉണ്ടാവുമെന്നുമുള്ള തിരിച്ചറിവാണ്‌ ബൈബിള്‍ ദൈവനിവേശികതമാകുന്നു എന്ന പ്രബോധനത്തില്‍ നിന്നും ഉള്‍കൊള്ളേണ്ടത്‌. അതേസമയം, തിരുസ്സഭ ചില പുസ്തകങ്ങള്‍ കാനോനികമാണെന്ന് പ്രഖ്യാപിക്കുമ്പോഴാണ്‌ അവ ദൈവനിവേശിതമാകുന്നത്‌ ചിലര്‍ അഭിപ്രായപെടാറുണ്ട്‌. അതുപോലെ തന്നെ ബൈബിളിലെ സത്യങ്ങളുടെ ആധികാരികതക്ക്‌ കാരണം മാര്‍പാപ്പായുടെ തെറ്റാവരമാണെന്ന് കരുതുന്നവരുമുണ്ട്‌. ഈ രണ്ട്‌ കാഴ്ചപ്പാടുകളും തെറ്റാണ്‌.
(തുടരും)

5 comments:

സഞ്ചാരി @ സ്വര്‍ഗ്ഗീയം said...

ഈ രീതിയിലുള്ള പഠനങ്ങള്‍ക്കുപരിയായി ബൈബിള്‍ ദൈവനിവേശിതമാണ്‌ എന്ന് വിശ്വസിക്കാന്‍ നമ്മുക്കിടയില്‍ ജീവിച്ചിരുന്ന വിശുദ്ധാത്മക്കളുടെ ജീവിതം പരിശോധിച്ചാല്‍ മതി. ബൈബിളിലെ ചില വചനങ്ങളാണ്‌ അവരുടെയൊക്കെ ജീവിതത്തെ മാറ്റിമറിച്ചത്‌. അതേസമയം എല്ലാറ്റിനും ഉപരിയാണ്‌ നമ്മുടെ തന്നെ വ്യക്തിപരമായ അനുഭവങ്ങളും ബോധ്യങ്ങളും. എന്റെ ഒരു ചെറിയ അനുഭവം 'ഇവിടെയുണ്ട്' . ബൈബിളിന്റെ ദൈവനിവേശികത വ്യക്തമാക്കാനല്ല അന്ന് അതെഴുതിയത്‌. എങ്കിലും ബെബിളിന്റെ വ്യക്തിപരതയെ മനസ്സിലാക്കുന്നതിന്‌ അത്‌ സഹായിച്ചേക്കും. ഒരുപക്ഷെ religious sentimentalism എന്നൊക്കെ പറഞ്ഞ്‌ ഇത്തരം കുറിപ്പുകളെ നമുക്ക്‌ പരിഗണിക്കാതിരിക്കാം. പക്ഷെ അനുഭവത്തേക്കാള്‍ വലിയ തിരിച്ചറിവുകള്‍ ഇല്ലല്ലോ...

സജി said...

മാര്‍പാപ്പയുടെ “തെറ്റാവരം” എന്നൊരു പ്രയോഗം കണ്ടു. എന്താണ് അത്?.

എന്ത് ആധികാരികതയാണ് അതിന്‍ ഉള്ളത് എന്ന് അറിഞ്ഞാല്‍ കൊള്ളാം.

ബൈബിളിന്റെ ദൈവശ്വാസീയത എന്ന വിഷയം ഏതാണ്ട് ഭംഗിയായി പ്രതിപാദിച്ചിരിക്കുന്നു എന്നു പറയാതെ വയ്യ!!

ഒരു ചര്‍ച്ചയ്ക്ക് താത്പര്യമുള്ളവര്‍
ഇവിടം
കൂടി സന്ദര്‍ശിക്കുമല്ലോ?

സഞ്ചാരി @ സഞ്ചാരി said...

പ്രിയ സജി,
ഉത്തരം അടുത്ത ലക്കത്തില്‍ പ്രതിപാദിക്കേണ്ടതുള്ളതു കൊണ്ട് ഇവിടെ വിശദികരിക്കുന്നില്ല. ഈ കുറിപ്പുകളിലൂടെ കണ്ണോടിക്കുന്നതിന് നന്ദി.

പാര്‍ത്ഥന്‍ said...

ചിലത്‌ ദൈവമാണ്‌ തിരുവചനത്തിന്റെ ഗ്രന്ഥകാരന്‍ എന്നത്‌ വ്യക്തമാക്കുമ്പോള്‍ മറ്റ്‌ ചിലത്‌ ബൈബിള്‍ രചനയിലെ മാനുഷിക ഗ്രന്ഥകാരന്മാരുടെ പങ്കിനെക്കുറിച്ചും അവരിലൂടെ പരിശുദ്ധാത്മാവ്‌ എങ്ങനെയാണ്‌ പ്രവര്‍ത്തിച്ചതെന്നും വിശദീകരിക്കാന്‍ ശ്രമിക്കുന്നു. ഒരു വിശദീകരണവും അതില്‍ തന്നെ പൂര്‍ണ്ണമാണെന്ന് പറയാനാവില്ല, ഒരോന്നിനും അതിന്റേതായ ഗുണങ്ങളും പോരായ്മകളും ഉണ്ട്‌.

താങ്കളുടെ വിവരണവുമായി കുറെയൊക്കെ യോജിക്കാന്‍ കഴിയുന്നുണ്ട്‌. സജിയുടെ സംശയം എനിയ്ക്കും ഉണ്ട്‌.

ഞാനും ദൈവത്തെത്തേടി നടക്കുകയാണ്‌. പ്രസ്താവനയെ വിമര്‍ശനാത്മകമായിത്തന്നെയാണ്‌ ഞാന്‍ കാണുന്നത്‌. ലോകത്തിന്‌ ഒരു പരമാത്മവ്‌ മാത്രമാണ്‌ ഉള്ളതെങ്കില്‍ അതിന്റെ ഭാഷ ഒരേപോലെയാവണം. പല സ്ഥലത്തും പല മതങ്ങളിലും പല രീതിയില്‍ വ്യഖ്യാനിക്കുമ്പോള്‍ മാനുഷികമായ പങ്ക്‌ വ്യക്തമാകുന്നുണ്ട്‌. പക്ഷെ ആരും അത്‌ അംഗീകരിക്കാന്‍ തയ്യാറല്ല. അവിടെയാണ്‌ പ്രശ്നം ആരംഭിക്കുന്നത്‌.

ശ്രീ said...

:)