Thursday, February 28, 2008

ദൈവത്തെ തേടി യുക്തിപൂര്‍വ്വം

മനുഷ്യചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെട്ടതും ഏഴുതപ്പെട്ടതും ദൈവത്തെക്കുറിച്ച്‌ ആവാന്‍ കാരണമെന്താണ്‌? മനുഷ്യന്റെ അന്തരാത്മാവില്‍ മുദ്രണം ചെയ്യപ്പെട്ടിട്ടുള്ള ഒരു യാഥാര്‍ത്ഥ്യമായി എന്നും ഈ സത്യം അനുഭവപ്പെടുന്നതുകൊണ്ടല്ലേ! ദൈവാവബോധം ഇല്ലാതിരുന്ന ഒരു പ്രാചീനഗോത്രത്തേയും ഇന്നുവരെ കണ്ടെത്തിയിട്ടില്ല എന്ന് സാമുഹ്യശാസ്ത്രഞ്ജരും നരവംശ-ശാസ്ത്രഞ്ജരും സാക്ഷ്യപ്പെടുത്തുന്നു. മനുഷ്യന്റെ ഉണ്മയില്‍ നിന്ന് ഈ തിരിച്ചറിവിനെ വേര്‍തിരിക്കാനാവാത്തതു കൊണ്ടാവാം ഇതിനോടുള്ള മല്‍പ്പിടുത്തങ്ങള്‍ വിവിധരീതികളില്‍ ചരിത്രം രേഖപ്പെടുത്തിയത്‌. ദൈവമെന്ന യാഥാര്‍ത്ഥ്യത്തോട്‌ നിഷേധാത്മകമായും മറിച്ചും പ്രതികരിച്ചവര്‍ നിരവധിയാണ്‌. എങ്കിലും വാക്കുകൊണ്ടും ജീവിതം കൊണ്ടും ദൈവം ഉണ്ട്‌ എന്ന് സമര്‍ത്ഥിച്ചവരാണ്‌ ഭൂരിഭാഗവും. പ്രവാചകര്‍, ഋഷിമാര്‍, വിശുദ്ധര്‍, വിഞ്ജാനികള്‍, ചിന്തകര്‍, ശാസ്ത്രഞ്ജര്‍, പാമരര്‍ എന്നിവരടങ്ങുന്ന ഈ നിര ഇന്നും തുടരുന്നു.

ദൈവാസ്തിത്വം യുക്തിസഹമായി തെളിയിക്കാന്‍ ചിന്തകര്‍ വിവിധ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാറുണ്ട്‌. ഇവയില്‍ കൂടുതല്‍ ലളിതവും സ്വീകാര്യവുമായി കാണപ്പെട്ടിരിക്കുന്നത്‌ നമുക്ക്‌ ചുറ്റുമുള്ള ഈ പ്രപഞ്ചത്തിന്റേയും നമ്മുടെതന്നേയും സവിശേഷതകള്‍ വിശകലനം ചെയ്ത്‌, ഇത്തരം യാഥാര്‍ത്ഥ്യങ്ങള്‍ ദൈവത്തെ കൂടാതെ ഉണ്ടാവുക സാധ്യമല്ല എന്ന് തെളിയിക്കുന്ന രീതിയാണ്‌. അതായത്‌ 'കാര്യത്തില്‍ നിന്ന് കാരണക്കാരനിലേക്കുള്ള യാത്ര'. ഈ കാരണക്കാരന്‍ മനുഷ്യന്റെ ഇന്ദ്രിയങ്ങള്‍ക്കും കാണപ്പെടുന്നവയ്ക്കും അതീതനായാലും, ഇവയിലൂടെ മാത്രമെ ഒരുവന്‌ യുക്തിസഹമായി ആ യാഥാര്‍ത്ഥ്യത്തെക്കുറിച്ച്‌ ചിന്തിക്കാനും വിവരിക്കാനും കഴിയുകയൊള്ളു. തോമസ്സ്‌ അക്വിനാസിന്റെ ദൈവാസ്തിത്വം തെളിയിക്കുന്നതിനുള്ള അഞ്ച്‌ മാര്‍ഗ്ഗങ്ങള്‍ ഇത്തരത്തില്‍ വളരെ പ്രസിദ്ധമാണ്‌ (ഇവിടെ വായിക്കുക).

ഈ പ്രപഞ്ചം അതിനാല്‍ തന്നെ മനുഷ്യബുദ്ധിക്ക്‌ അഗ്രാഹ്യമാണ്‌. എങ്കിലും പ്രപഞ്ചത്തില്‍ നിറഞ്ഞു നില്‍ക്കുന്ന സൗന്ദര്യവും ക്രമവും കൃത്യതയും ഐക്യവും പാരസ്‌പരികതയുമെല്ലാം ഇതിനുപരിയായ ഒരു പരമസത്യത്തിലേക്ക്‌ അവനെ നയിക്കുന്നുണ്ട്‌. തീര്‍ച്ചയായും അവനല്ല ഈ യാഥാര്‍ത്ഥ്യങ്ങളൊ സൗന്ദര്യസങ്കല്‍പ്പങ്ങളൊ സൃഷ്ടിച്ചെടുത്തത്‌. ഒരു കൊച്ചുകുട്ടി പൂവിനെയൊ പൂമ്പാറ്റയെയൊ കാണുമ്പോള്‍ 'ഹായ്‌' എന്ന് പ്രതികരിക്കുന്നത്‌ അവനെ ആരും പറഞ്ഞു പഠിപ്പിച്ചിട്ടല്ല, മറിച്ച്‌ അവന്റെ വളര്‍ച്ചയ്ക്കനുസരിച്ച്‌ ഈ സത്യങ്ങള്‍ അവനിലൂടെ തന്നെ ഇതള്‍വിരിയുന്നതുകൊണ്ടാണ്‌. ആധുനിക ശാസ്ത്രത്തിന്റെ സഹായത്തോടെ ഈ പ്രപഞ്ചത്തിലേയ്ക്ക്‌ മിഴിതുറന്നാല്‍ ഇവയെല്ലാം കൂടുതല്‍ വ്യക്തമാണ്‌. ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റീന്‍ പറഞ്ഞിട്ടുണ്ട്‌, ഗൗരവമായ ശാസ്ത്രീയാന്വോഷണങ്ങളില്‍ മുഴുകിയിരിക്കുന്നവര്‍ മാത്രമാണ്‌ ഈ ഭൗതികയുഗത്തില്‍ അഗാധമായ മതാത്മകതയുള്ളവര്‍ എന്ന്.

മനുഷ്യമനസ്സിന്റെ ഉള്ളറകളിലേക്ക്‌ കടന്നുചെന്നാലും അവന്‌ അതീതമായ യാഥാര്‍ത്ഥ്യങ്ങളിലേക്കാണ്‌ ഒരുവന്‍ നയിക്കപ്പെടുന്നത്‌. ശരിയും തെറ്റും വിവേചിച്ചു മുന്നറിയിപ്പു നല്‍കുന്ന മനസാക്ഷിയുടെ സ്വരം അവന്റെ വ്യക്തിത്വത്തിന്‌ ഉപരിയായ ദൈവികമനസ്സിലേക്ക്‌ വിരല്‍ ചൂണ്ടുന്നു. ഈ മനസാക്ഷിയെ സൃഷ്ടിച്ചെടുക്കാനൊ നശിപ്പിക്കാനൊ അവന്‌ സാധിക്കുന്നുമില്ല. മറിച്ച്‌ അവന്റെ സ്വാതന്ത്ര്യത്താല്‍ ഈ മുന്നറിയിപ്പുകളെ അനുസരിക്കാനൊ നിഷേധിക്കാനൊ മാത്രമെ കഴിയുന്നൊള്ളു. ഈ സ്വരത്തിന്റെ തുടര്‍ച്ചയെന്നവണ്ണം അവനെപ്പോഴും സന്തോഷത്തിനും പൂര്‍ണ്ണതയ്ക്കും വേണ്ടി കൊതിക്കുന്നവനാണ്‌. ഏറ്റവും നന്മയായിട്ടുള്ളതാണ്‌ (summum bonum) അവന്റെ ആത്യന്തിക ലക്ഷ്യം. അത്‌ സ്വന്തമാക്കാനുള്ള പരിശ്രമങ്ങള്‍ പോലും അവനെ സന്തോഷഭരിതനാക്കുന്നു (ദാനധര്‍മ്മങ്ങള്‍, ഭക്താനുഷ്ഠാനങ്ങള്‍ എന്നിവയില്‍ നിന്നുളവാകാവുന്ന കേവല മാനസ്സിക സംതൃപ്തിയല്ല ഇവിടെ ഉദ്ദേശിക്കുന്നത്‌). എന്നാലും പരിമിതമായ ഒരു വസ്തുവും അവനെ പുര്‍ണ്ണമായി സന്തോഷിപ്പിക്കുന്നില്ല. അപരിമേയനിലേക്ക്‌ അവനെപ്പോഴും വെമ്പി നില്‍ക്കുകയാണ്‌. വി. അഗസ്റ്റിന്‍ എഴുതിയതു പോലെ, അവന്റെ ഹൃദയം ദൈവത്തില്‍ വിലയം പ്രാപിക്കുന്നതുവരെ അസ്വസ്ഥമാണ്‌. അതിന്‌ മുന്നോടിയായി ഈ സത്യത്തെ സ്നേഹിക്കാനും ആരാധിക്കാനും അവിടുത്തെ ശുശ്രൂഷകനാവാനുമുള്ള താത്‌പര്യം മനുഷ്യര്‍ എന്നും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌. ഇവരില്‍ എടുത്ത്‌ പറയേണ്ടവരാണ്‌ മതാത്മകമായി 'മിസ്റ്റിക്കല്‍' അനുഭവങ്ങളിലൂടെ കടന്നുപോയവര്‍.

ബുദ്ധിമാനായ ഒരുവന്‍ തുടര്‍ച്ചയായി ധ്യാന നിരതനാവുന്നെങ്കില്‍ അതിന്‌ കാരണം മറ്റെന്തിനേക്കാളും ആ നിമിഷങ്ങള്‍ ശ്രേഷ്ഠമായി അവന്‌ അനുഭവപ്പെടുന്നതുകൊണ്ടല്ലെ! ഉപരിപ്ലവങ്ങളായ കാര്യങ്ങള്‍ക്കപ്പുറം ആഴങ്ങളും അര്‍ത്ഥങ്ങളും ആ നിമിഷങ്ങളില്‍ അവന്‍ തിരിച്ചറിയുന്നുണ്ടാവണം. ഇത്‌ കേവലം വ്യക്തിപരവും ഒറ്റപ്പെട്ടതുമായ അനുഭവങ്ങളായി (subjective experience) പറഞ്ഞ്‌ തള്ളാനാവില്ല. കാരണം മിസ്റ്റിക്ക്‌ അനുഭവങ്ങളിലൂടെ കടന്നുപോയവരുടെ പൊതുവായ സവിശേഷതകളും അവരുടെ തന്നെ ജീവിതമാതൃകയും ഇതിന്‌ ആധികാരികത നല്‍കുന്നുണ്ട്‌. അപരിനിലെ പരിശുദ്ധിയേയും ദൈവികസാന്നിധ്യത്തേയും കുറിച്ചുള്ള അവരുടെ തിരിച്ചറിവുകള്‍ ശ്രദ്ധേയമാണ്‌. ഏറ്റവും ശ്രേഷ്‌ഠമായ അനുഭവമായി അവരെല്ലാം സാക്ഷ്യപ്പെടുത്തുന്നത്‌ ദൈവികതയില്‍ ലയിച്ച്‌ ഒന്നായിതീരുന്നതാണ്‌. അത്തരം അനുഭവങ്ങളാല്‍ അവര്‍ ശാശ്വതമായ സന്തോഷവും സമാധാനവും ഉള്ളവരായി കാണപ്പെടുന്നു.

മേല്‍പറഞ്ഞവയൊന്നും തര്‍ക്കങ്ങള്‍ക്ക്‌ അതീതമല്ല. പക്ഷെ ഇവയെല്ലാം കൂടുതല്‍ വിശ്വസനീയത നമുക്ക്‌ പകര്‍ന്ന് നല്‍കികൊണ്ട്‌ ഒരു ബിന്ദുവിലേക്ക്‌ നമ്മെ നയിക്കുന്നു, അവര്‍ണ്ണനീയമായ ദൈവമെന്ന നിത്യസത്യത്തിലേക്ക്‌. റസ്സല്‍ എന്ന തത്വചിന്തകന്‍ എഴുതിയതു പോലെ, ആരും ദൈവത്തെ ജയിച്ചവരായി കാണപ്പെട്ടിട്ടില്ല. കാരണം ആരൊക്കെ ദൈവം ഉണ്ട്‌ എന്ന് തെളിയിക്കാന്‍ പരിശ്രമിച്ചിട്ടുണ്ടൊ അവരൊക്കെ പരാജയപ്പെട്ടിരിക്കുന്നു, ആരൊക്കെ ഇതേ സത്യം നിഷേധിക്കാന്‍ പരിശ്രമിച്ചിട്ടുണ്ടൊ അവരും. ദൈവം അന്നും ഇന്നും എന്നും മനുഷ്യബുദ്ധിക്ക്‌ അതീതനായി തുടരുന്നു.

മനുഷ്യന്റെ ഈ നിസ്സഹായാവസ്ഥയില്‍ തന്നെത്തന്നെ വെളിപ്പെടുത്തുന്ന ഒരു ദൈവത്തെ നമുക്ക്‌ ദര്‍ശിക്കാനാവും. ഇതും പൂര്‍ണ്ണമായ ഒരു കാഴ്ചയല്ലാ മറിച്ച്‌ വി. പൗലോസ്‌ എഴുതിയതുപോലെ, "ഇപ്പോള്‍ നിങ്ങള്‍ കണ്ണാടിയിലൂടെയെന്ന വണ്ണം അവ്യക്തമായി കാണുന്നു..." പരിമിതമായ ഈ ദൈവികദര്‍ശനം വിശ്വാസത്താല്‍ പ്രകാശിതമായ യുക്തികൊണ്ട്‌ മാത്രമെ സാധ്യമാവൂ. ഈ ദര്‍ശനത്തെക്കുറിച്ച്‌ അടുത്തലക്കത്തില്‍ തുടരാം.

5 comments:

സഞ്ചാരി @ സ്വര്‍ഗ്ഗീയം said...

മനുഷ്യചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെട്ടതും ഏഴുതപ്പെട്ടതും ദൈവത്തെക്കുറിച്ച്‌ ആവാന്‍ കാരണമെന്താണ്‌? മനുഷ്യന്റെ അന്തരാത്മാവില്‍ മുദ്രണം ചെയ്യപ്പെട്ടിട്ടുള്ള ഒരു യാഥാര്‍ത്ഥ്യമായി എന്നും ഈ സത്യം അനുഭവപ്പെടുന്നതുകൊണ്ടല്ലേ! ഇത്തരത്തിലുള്ള മനുഷ്യന്റെ ചില പ്രാഥമികമായ തിരിച്ചറിവുകളാണ്‌ ഇതിന്റെ ഉള്ളടക്കം

അപ്പു ആദ്യാക്ഷരി said...

പ്രിയപ്പെട്ട സഞ്ചാരീ, പ്രപഞ്ചത്തിലെ സത്യങ്ങളേയും, കാഴ്ച്ചകളേയും മനുഷ്യന്‍ ഒരു അന്വേഷണത്വരയോടെ പിന്തുടരുന്നതെന്തുകൊണ്ട് എന്ന് ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു ഈ പോസ്റ്റില്‍. തോമസ് അക്വിനാസിന്റെ ചിന്തകള്‍ ഈ ബൂലോകത്ത് കുറേനാള്‍ മുമ്പ് കാളിയന്‍ എന്നൊരു ബ്ലോഗര്‍ അവതരിപ്പിച്ചിരുന്നത് ഓര്‍ക്കുന്നു.

സഞ്ചാരിയുടെ രചാനാരീതിയും അതിന്റെ ഒഴുക്കും എടുത്തുപറയേണ്ടിയിരിക്കുന്നു. അഭിനന്ദനങ്ങള്‍!

അപ്പു ആദ്യാക്ഷരി said...

കാളീയന്റെ പഴയ പോസ്റ്റ്, തോമസ് അക്വിനാസും അഞ്ചുവഴികളും എന്ന പോസിന്റെ ലിങ്ക് ഇവിടെയുണ്ട്.. ഇവിടെ

ക്രിസ്‌വിന്‍ said...

വളരെ നന്നായി എഴുതിയിരിക്കുന്നു.അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു

ശ്രീ said...

എഴുത്ത് കൊള്ളാം.
:)