Thursday, February 14, 2008

ദൈവശാസ്ത്രം വിശ്വാസത്തില്‍ ആരംഭിക്കുന്നു

ദൈവശാസ്‌ത്രമെന്നാല്‍ ദൈവത്തെക്കുറിച്ചുള്ള സംഭാഷണമെന്ന് ലളിതമായി പറയാം. പക്ഷെ ദൈവമില്ല എന്ന നിലപാടുള്ളവരോട്‌ ഇത്തരമൊരു സംഭാഷണം സാധ്യമാണോ? ഇനി, ദൈവമുണ്ടെന്ന് വിശ്വസിക്കുന്നവര്‍ക്ക്‌ മറ്റു കാര്യങ്ങളെക്കുറിച്ച്‌ പറയുന്നതുപോലെ തങ്ങള്‍ വിശ്വസിക്കുന്ന ദൈവത്തെക്കുറിച്ച്‌ വിവരിക്കാനാവുമോ?

ദൈവാസ്തിത്വത്തെ അടിസ്ഥാനമാക്കി പ്രധാനമായും മൂന്ന് വാദങ്ങളാണ്‌ നിലവിലുള്ളത്‌, i. നിരീശ്വരവാദം (Atheism) ii. അഞ്ജേയവാദം (Agnosticism) iii. ഈശ്വരവാദം (Theism).

i. നിരീശ്വരവാദം: ഇവരില്‍ പെടുത്താവുന്നവരാണ്‌; Albert Camus, Karl Marx, Friedrich Nietzsche, Sigmund Freud തുടങ്ങിയവര്‍, ഇവര്‍ക്കെല്ലാം ദൈവനിഷേധത്തിന്റെ കാരണങ്ങള്‍ പലതാണ്‌. ചിലര്‍ക്ക്‌ ഈ ലോകത്തില്‍ നിലനില്‍ക്കുന്ന നിരവധിയായ തിന്മകളും, കാര്യകാരണങ്ങളില്ലാത്ത ദുഃഖദുരിതങ്ങളും അനീതിയും മൂലം നല്ലവനും സ്നേഹപൂര്‍ണ്ണനുമായ ഒരു ദൈവത്തെക്കുറിച്ച്‌ ചിന്തിക്കുക പോലും സാധ്യമല്ലത്രേ. മറ്റുചിലര്‍ക്ക്‌ ദൈവമെന്നത്‌ പാവങ്ങളെ തെറ്റിദ്ധരിപ്പിച്ച്‌ ചൂഷണം ചെയ്യുന്നതിനു വേണ്ടി മതങ്ങളാലും അധികാരികളാലും സൃഷ്ടിക്കപ്പെട്ട ഒരു മിഥ്യയായ സങ്കല്‍പ്പമാണ്‌. വേറെ ചിലര്‍ക്ക്‌ സ്നേഹം, സുരക്ഷിതത്വം പോലുള്ള ചില അടിസ്ഥാന ആവശ്യങ്ങള്‍ക്കുള്ള മനുഷ്യമനസ്സിന്റെ പ്രതിവിധിയണ്‌ ദൈവം.

ii. അഞ്ജേയവാദം: ഇവര്‍ ലളിതമായി പറയും, ദൈവം ഉണ്ടോ ഇല്ലയോ എന്ന് തങ്ങള്‍ക്കറിയില്ല, എന്തുതന്നെയായാലും ഈ ലോകം ഇങ്ങനെയൊക്കെ തന്നെ മുന്നോട്ട്‌ പോകും എന്ന്. ഭാരതത്തിലെ ചാര്‍വാകരും തേരവാദ ബുദ്ധമതക്കാരും ഈ ഗണത്തില്‍പ്പെടുത്താവുന്നവരാണ്‌.

iii. ഈശ്വരവാദം: ഇവരിലുമുണ്ട്‌ ചില വ്യത്യസ്‌തതകള്‍. ചിലര്‍ ഏകദൈവത്തില്‍ വിശ്വസിക്കുന്നു, മറ്റുചിലര്‍ നാനാദൈവങ്ങളില്‍ വിശ്വസിക്കുന്നു. അദ്യഗണത്തില്‍ പെട്ടവരില്‍ ചിലര്‍ക്ക്‌ ദൈവം ഈ പ്രപഞ്ചത്തിന്റെ ഉത്‌ഭവകാരണവും മനുഷ്യന്റെ അത്യന്തിക ലക്ഷ്യവും ആയ ഒരു വ്യക്തിയാണെങ്കില്‍ മറ്റുള്ളവര്‍ക്ക്‌ ദൈവം സര്‍വ്വശക്തനാണ്‌, സര്‍വ്വജ്ഞാനിയാണ്‌, പരംപൊരുളാണ്‌, പരമചൈതന്യമാണ്‌. ഇവയെല്ലാം വളരെ സങ്കീര്‍ണ്ണമായ വിഭജനങ്ങളാണ്‌. അവയിലേക്ക്‌ കടക്കാതെ തന്നെ വിഷയത്തിലേക്ക്‌ പ്രവേശിക്കാം. അതായത്‌ ഈ ദൈവവിശ്വാസികള്‍ക്ക്‌ ദൈവത്തെക്കുറിച്ച്‌ മറ്റു കാര്യങ്ങളെ പോലെ സംസാരിക്കുക സാധ്യമാണോ എന്ന്. ഒരു വിശ്വാസി എന്ന തലത്തില്‍ നിന്ന് കൊണ്ട്‌ ബോധ്യത്തോടെ പറയുന്നു, സാധ്യമാണ്‌; പക്ഷെ ദൈവമെന്ന യാഥാര്‍ത്ഥ്യത്തെ സംബന്ധിച്ചിടത്തോളം വളരെ പരിമിതമായി മാത്രം. കാരണം ദൈവം മനുഷ്യന്റെ ചിന്തക്കും ഭാഷക്കും അതീതനായതു കൊണ്ട്‌ തന്നെ.

മനുഷ്യതിരിച്ചറിവുകളുടെ വിവിധ സംവിധാനങ്ങളില്‍ ഒതുങ്ങുന്ന പരിമിതനല്ല അപരിമേയനായ ദൈവം. അതായത്‌ നാം ഇന്ദ്രിയങ്ങള്‍ കൊണ്ട്‌ അനുഭവിച്ചറിഞ്ഞ്‌ വിവരിക്കുന്ന മറ്റുവസ്തുക്കളുടെ ഗണത്തിലേക്കോ വിവരണരീതികളിലേക്കൊ ദൈവത്തെ ചുരുക്കാനവില്ല എന്നര്‍ത്ഥം. എന്നിരുന്നാലും ദൈവമാണ്‌ സര്‍വ്വപ്രപഞ്ചത്തിന്റെയും സൃഷ്ടാവെങ്കില്‍ സൃഷ്ടിക്കപ്പെട്ടവയ്ക്‌ സൃഷ്ടാവുമായി സാദൃശ്യം ഉണ്ടാവേണ്ടതല്ലേ?. എന്നുവച്ചാല്‍ ഈ പ്രപഞ്ചത്തില്‍ നിന്ന് തന്നെയാണ്‌ ദൈവത്തിലേക്കുള്ള അഥവാ ദൈവത്തെക്കുറിച്ചുള്ള സംഭാഷണത്തിന്റെ ആരംഭം. വിശ്വാസിക്കു ചുറ്റുമുള്ള ലോകത്തില്‍ ഈ ദൈവം വിവിധ രീതികളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്‌, അത്‌ അവന്‌ അനുഭവവേദ്യമാണ്‌. അപുര്‍ണ്ണമായാണെങ്കിലും ചരിത്രവും കാലത്തിന്റെ മറ്റ്‌ യാഥാര്‍ത്ഥ്യങ്ങളും ഈ അനുഭവങ്ങളും തിരിച്ചറിവുകളും വിവിധ രീതികളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌, അവയെല്ലാം തലമുറകളിലേക്ക്‌ കൈമാറപ്പെടുന്നുണ്ട്‌. മനുഷ്യന്റെ വിവിധ തലങ്ങളിലുള്ള പുരോഗതിയും മാറിവരുന്ന കാഴ്ചപ്പാടുകളും ഈ കൈമാറ്റപ്പെടുന്ന തിരിച്ചറിവുകളേയും അവന്റെ തന്നെ അനുഭവങ്ങളേയും സ്വാധീനിക്കുന്നുണ്ട്‌, അത്‌ അധുനിക ശാസ്ത്രമാകാം, മറ്റ്‌ സാമൂഹികമാറ്റങ്ങളാവാം. എന്തുതന്നെയാലും ഇതെല്ലാം അവന്‌ ദൈവത്തെക്കുറിച്ചറിയുന്നതിന്‌, സംസാരിക്കുന്നതിന്‌ കൂടുതല്‍ വ്യക്തത നല്‍കുന്നു, ദൈവത്തിലേക്ക്‌ അവനെ കൂടുതല്‍ അടുപ്പിക്കുന്നു.

മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ദൈവത്തെക്കുറിച്ച്‌ ഒരുവന്‌ പറഞ്ഞുതുടങ്ങണമെങ്കില്‍ എന്തെങ്കിലും തരത്തിലുള്ള ഒരു ദൈവാനുഭവം വേണം. ഇവിടെയാണ്‌ പലരും അതിരുകടന്ന് ദൈവനിഷേധം നടത്തുന്നത്‌ എന്ന് തോന്നുന്നു. മറ്റുവസ്തുക്കളെ അവര്‍ തൊട്ടറിയുന്നതു പോലെ ദൈവത്തെയും തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ വിശ്വാസിയാകാം എന്നു പറയുന്നവരാണിവര്‍. സൃഷ്ടവസ്തുക്കളുടെ ഗണത്തിലേക്ക്‌ ദൈവത്തെ ഇവര്‍ ഒരുപാട്‌ ചെറുതാക്കുന്നു. ഒരു വിശ്വാസിക്ക്‌ അവന്റെ പരിമിതമായ തിരിച്ചറിവു മതി വാചാലനാവാന്‍. സര്‍വ്വശക്തനായ ദൈവത്താല്‍ 'സ്പര്‍ശിക്കപ്പെടുന്ന' ചില അമൂല്ല്യ നിമിഷങ്ങള്‍, അവര്‍ണ്ണനീയമായ ഈ രഹസ്യങ്ങള്‍ അവന്‍ തനതായ ഭാഷയിലൂടെ, വ്യക്തമായി പറഞ്ഞാല്‍ 'വിശ്വാസത്തിന്റെ ഭാഷയിലൂടെ' പങ്കുവയ്ക്കുന്നു. അതുകൊണ്ടുതന്നെ അതേ വിശ്വാസത്തിന്റെ ഭാഷ തിരിച്ചറിയുന്നവനേ അവനെ മനസ്സിലാക്കുവാന്‍ കഴിയൂ. അവനോട്‌ മാത്രമെ ദൈവത്തെക്കുറിച്ച്‌ സംസാരിച്ചിരിക്കാന്‍ പറ്റുകയുള്ളു, അല്ലെങ്കില്‍ ഇത്തരമൊരു സംഭാഷണം വെറും 'തര്‍ക്കുത്തരങ്ങളായി' മാറും.

ചുരുക്കത്തില്‍, ദൈവം ഉണ്ട്‌ എന്ന് വിശ്വസിക്കുന്നവരോട്‌ മാത്രമേ ദൈവശാസ്ത്രപരമായി സംസാരിക്കാന്‍ പറ്റു, കാരണം ദൈവശാസ്ത്രം വിശ്വാസത്തില്‍ നിന്നാണ്‌ ആരംഭിക്കുന്നത്‌. പരിമിതമായാണെങ്കിലും വിശ്വാസത്തിന്റെ ഭാഷയില്‍ അത്‌ ദൈവത്തെ വര്‍ണ്ണിക്കുന്നു. മറിച്ച്‌, ദൈവശാസ്‌ത്രമോ! അതിന്‌ ദൈവമെവിടെ? എന്നു ചോദിക്കുന്നവരോട്‌ ദൈവത്തെക്കുറിച്ച്‌ അപ്രകാരം സംസാരിക്കാനാവില്ല. ഒരര്‍ത്ഥത്തില്‍ അവര്‍ ദൈവത്തെ ഒന്ന് നിഷേധിക്കാന്‍ പോലും പാടില്ല എന്ന് ചിന്തകര്‍ പറയുന്നുണ്ട്‌. സ്വയം തിരിച്ചറിയാത്ത ഒന്നിനെ എങ്ങനെ ഞാന്‍ നിഷേധിക്കുന്നു എന്നു പറയും? തനിക്ക്‌ അറിവുള്ള ഒരു കാര്യത്തെയല്ലെ ഒരുവന്‌ അംഗീകരിക്കാനോ നിഷേധിക്കാനോ കഴിയൂ? ഒരു പരിഹാരം മാത്രം, തിരിച്ചറിയാനായി അന്വേഷിച്ചിറങ്ങുക. കണ്ടെത്തുന്നതുവരെ താന്‍ കണ്ടെത്തിയില്ല എന്ന് മാത്രം പറയുക, താന്‍ കാണാത്തതുകൊണ്ട്‌ അപരനും കണ്ടിട്ടില്ല എന്നു പറയരുതേ. കണ്ടെത്തുമ്പോള്‍ ഭാഷകള്‍ പരസ്പരം തിരിച്ചറിഞ്ഞുതുടങ്ങും.

എങ്കിലും, ഇവിടെ മറ്റൊരു സാധ്യത അവശേഷിക്കുന്നു. ദൈവത്തെക്കുറിച്ച്‌ ദെവശാസ്ത്രപരമല്ലാതെ സ്വാഭാവികയുക്തി കൊണ്ട്‌ വിവരിക്കാവുന്ന സാധ്യത, ഒരുവനെ വിശ്വാസത്തിലേക്ക്‌ നയിക്കാവുന്ന ചില അടിസ്ഥാന വസ്തുതകള്‍. ഇവയെക്കുറിച്ച്‌ അടുത്തലക്കത്തില്‍ തുടരാം.

13 comments:

അപ്പു ആദ്യാക്ഷരി said...

സഞ്ചാരീ...ആദ്യ അധ്യായം തന്നെ ഗംഭീരമായി. ലളിതമായ അവതരണം. ഈ സപര്യ തുടരൂ. അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു.

ക്രിസ്‌വിന്‍ said...

എത്ര ഭംഗിയായിട്ടാണ്‌ താങ്കള്‍ വിവരിച്ചിരിക്കുന്നത്‌.ലളിതവും.തുടരൂ ..
എല്ലാ ആശംസകളും

ക്രിസ്‌വിന്‍ said...

for Email follow-up

സഞ്ചാരി @ സ്വര്‍ഗ്ഗീയം said...

പ്രിയപ്പെട്ട അപ്പുവേട്ട, ക്രിസ്‌വിന്‍,
പിച്ചവച്ചു തുടങ്ങിയപ്പോള്‍ തന്നെ വീഴാതിരിക്കാന്‍ നീട്ടിത്തരൂന്ന പ്രോത്സാഹന കരങ്ങള്‍ക്കു ഒരുപാട് നന്ദി.
സഞ്ചാരി

ഭൂമിപുത്രി said...

ഈപ്പറഞ്ഞതൊക്കെ യുക്തിയ്ക്കുനിരക്കുന്നതു തന്നെ.
വിശാസവും അനുഭവവും തമ്മിലഭേദ്യമായബദ്ധമുണ്ട്.പറഞ്ഞുംകാണിച്ചും ഒന്നും
മനസ്സിലാക്കിക്കൊടുക്കാന്‍ പറ്റാത്തഒന്നാണു ദൈവവിശ്വാസം.
എങ്കിലും തുടരുക..ഒരുപക്ഷെ,കുറെമുന് ധാരണകളെങ്കിലും പുനര്‍ചിന്തയ്ക്ക് വിധേയമാക്കാന്‍
കഴിഞ്ഞേക്കും

Unknown said...

i am proud of u.....
it is a very good attempt....
best wishes for u----

Nithyadarsanangal said...

പ്രിയപ്പെട്ട സഞ്ചാരീ...
വളരെ നല്ല തുടക്കം.... ലളിതവും പ്രൌടഗംബീരവുമായ അവതരണ ശൈലി...
മുത്തുകള്‍ കു‌ട്ടി കെട്ടി മുത്തുമാല തീര്‍ക്കുംപോലെ വാക്കുകള്‍ കു‌ട്ടിതുന്നി പ്രപഞ്ച സ്രഷ്ടാവില്‍ എത്തി നില്ക്കുന്ന അഗാതമായ ചിന്തകള്‍ തികച്ചും പ്രശംസനീയം...
ഇനി അങ്ങോട്ടുള്ള പ്രയാണത്തില്‍ കാലിടാതെ, കൈ തളരാതെ മുന്നേറാന്‍, ക്രൈസ്തവ വിശ്വാസത്തിന്റെ ഉറവിടങ്ങള്‍ തെടുന്നവര്‍ക്ക് ഉറവയാകാന്‍, എല്ലാ വിധ ആശംസകളും ഒപ്പം പ്രാര്‍ത്ഥനകളും നേരുന്നു...

Jacob said...

“ദൈവശാസ്ത്രം വിശ്വാസത്തില്‍നിന്നാണ് ആരംഭിക്കുന്നത്” - ഇത് മറ്റൊരു രീതിയില്‍ വിശദീകരിച്ചാല്‍: In Mathematics, NO theorems can be proven without "believing in" axioms. We need to believe in certain axioms that CANNOT be proven. For example, a line is straight. A "point" is the (smallest) precise location on a plane. MATHEMATICS BEGINS HERE !

Going by the ways of an atheist - The reality is that we can always realize even smaller points. And for line - since constituents of an atom are defined with a "probability" of finding each of them at a particular place, I wonder how perfectly straight a straight line can be (All straight lines are in reality "broken" lines).

However, if we were to have always debated over mathematical axioms, we would never have had mathematics. This fate was never reached because the capability to make a fair judgement between axioms and theorems has been well within the human intellectual capability. He can judge what aspects can be ignored (eg: Mathematics limits which tend to infinity / zero but are not infinity / zero) and what needs to be proven. In school, I used to have friends for whom the axioms of mathematical Limits were too incomprehendible to have put their belief in. I have often felt that their behaviour in a calculus class or in a class on N-dimensional mathematics can be compared to those of an atheist listening to a preacher.

If God is really as great as we think (say, a lot greater than mathematics), then comprehending him will demand faith in a lot more axioms than the silly mathematics axioms that we (although not all humans) can comprehend.

(This is not entirely my original thought)

സഞ്ചാരി @ സ്വര്‍ഗ്ഗീയം said...

ഭൂമിപുത്രിക്ക് നന്ദി... താങ്കളുടെ ആശംസപോലെ തന്നെ മുന്‍‌ധാരണകള്‍ക്ക് മുന‌യൊടിക്കാന്‍ ഒരുമിച്ച് പരിശ്രമിക്കാം

നന്ദി ബിനോജ്

ജോസഫ് നിനക്കും ഒരുപാട്...നന്ദി

സഞ്ചാരി @ സ്വര്‍ഗ്ഗീയം said...

Dear Jacob,
Thanks for your serious attention to my post and the link. You clarified it in scientific terms very beautifully and precisely.
Certainly everything has its own limits of methods and principles. Nothing is autonomous except God. All human sciences and discoveries are coming under these limitations. For example, the very structure of which allows a bird to fly limits its ability to swim, whereas, conversely a fish's structure which allows it to swim but not usually to fly. Quantum Physics proved these limitations in scientific way.
In the past many scientists believed that nature is written in mathematical symbols and the mathematical formulation of scientific theories represents 'Reality' in itself. But, how is it possible? As Russell wrote, " is it possible for a physicist to predict something, calculate equations which describe it, and still not know what he is talking about". As you wrote clearly they are also starting from some kind of ‘blind faith’ or ‘hope’.
I believe that all these sciences are complimentary to each other in order to explain the Mystery of Reality (for me it’s GOD) in a better way. The famous scientist William Pollard says, “We are not speaking of a mystery of anything unknown at all. Rather we are speaking of the mysteriously amazing character of the known. There is a truer mystery of the known and our modern knowledge in science confronts us with that mystery very strongly.” Theology is also doing the same from known to the Unknown, especially a religion like Christianity. They start from the belief that God revealed everything in Christ and through Him they reach to God.

Anonymous said...

Today Christian faithful need a strong foundation based on theology. Religious beliefs most often passed to us from generations without a proper base. Many were too small when they were taught about God in catechism classes, but now some may able to better understand the great misteries of faith. So I think this work is going to help them. all the best.

Anonymous said...

Dear Deacon,
Congratulations for your create effort to proclaim the Word of God.
you help faithful to use media for for a good cause. wish you all the best and my prayers are always with you.
Br Vincent Sabu

സഞ്ചാരി @ സ്വര്‍ഗ്ഗീയം said...

Yes Sinto, I too agree with you. We are privileged to these studies at the same time we have to share it with our fellow beings. thank you for this comment.

Thank you Vincent... you are always motivating me in different ways.