ഒരു ക്രൈസ്തവനെ സംമ്പന്ധിച്ചിടത്തോളം 'എന്തില്‍ വിശ്വസിക്കുന്നു' അഥവാ വിശ്വാസത്തിന്റെ ഉള്ളടക്കം എന്നത് ചരിത്രത്തിലൂടെ ദൈവം അവന് വെളിപ്പെടുത്തിയ കാര്യങ്ങളാണ്. അവ വിശുദ്ധ ഗ്രന്ഥത്തിലൂടെയും പാരമ്പര്യങ്ങളിലൂടേയും സഭാനിര്‍വചനങ്ങളിലൂടേയും അവന്‍ തിരിച്ചറിയുന്നു. ഈ തിരിച്ചറിവുകള്‍ അവനില്‍ വിശ്വാസത്തിനു കാരണമാവുകയും അതിനനുസരിച്ച് അവന്‍ പ്രത്യുത്തരിക്കുകയും ചെയ്യുന്നു. ഇവിടെയാണ് രണ്ടാമത്തെ തലമായ 'എങ്ങനെ വിശ്വസിക്കുന്നു' എന്നത് വിഷയമാകുന്നത്. വിശ്വാസത്തിന്റെ വൈവിധ്യങ്ങള്‍ക്കനുസരിച്ച് വ്യത്യസ്ത്ഥമായ ആരാധനക്രമങ്ങളിലൂടേയും, ധാര്‍മ്മിക പ്രവര്‍ത്തികളിലൂടേയും ഈ വിശ്വാസമവന്‍ പ്രകടമാക്കുന്നു.
വിശ്വാസത്തിന്റെ ഒരു പ്രത്യേകത അതിന്റെ അനുക്രമമായ വളര്‍ച്ചയാണ്. കുറെ വിശ്വാസപ്രമാണങ്ങള്‍ മനസ്സിലാക്കുന്ന കേവല മതാത്മകതയേക്കാള്‍ ഉപരിയായി വിശ്വാസം ഒരുവനെ യഥാര്‍ത്ഥ അദ്ധ്യാത്മികതയിലേക്ക് നയിക്കുന്നു. ക്രൈസ്തവവിശ്വാസമനുസരിച്ച് ഈ വളര്‍ച്ച സ്വര്‍ഗ്ഗത്തില്‍ എത്തുന്നതു വരേയാണ്. സ്വര്‍ഗ്ഗത്തിലെത്തിയിട്ട് ഞാന്‍ വിശ്വസിക്കാം എന്നാരെങ്കിലും പറയുന്നുണ്ടെങ്കില്‍ വിഡ്ഢിത്തരമാകും. കാരണം അവിടെ വിശ്വാസത്തിന്റെ ആവശ്യകതയില്ലല്ലോ. വിശ്വാസമൊരിക്കലും വിശ്വസിക്കുന്നവയെ ഉടനെ ദൃശ്യവത്ക്കരിക്കുന്നില്ല, അതുകൊണ്ടാണ് ഭൂമിയില്‍ വിശ്വാസം ആവശ്യമായി വരുന്നത്. സ്വര്‍ഗ്ഗത്തിലെ മുഖാഭിമുഖദര്‍ശനത്തിന് 'ഇടനിലക്കാരനായി' വിശ്വാസം വേണ്ടല്ലോ. അവിടെ സംശയങ്ങളൊ തെളിവുകളൊ ഉത്തരങ്ങളൊ ഇല്ല, നേരിട്ടുള്ള അനുഭവം മാത്രം. ഈ അനുഭവത്തിന്റെ ഒരു മുന്നാസ്വാദനമാണ് വിശ്വാസജീവിതത്തിന്റെ വളര്‍ച്ചയിലൂടെ ഒരുവന്‍ സ്വന്തമാക്കുന്നത്.
വിശുദ്ധ തോമസ്സ് അക്വിനാസ് വിശ്വാസത്തെ നിര്‍വചിച്ചിരിക്കുന്നത് "ദൈവകൃപയാല്‍ നയിക്കപ്പെടുന്ന ഇച്ഛാശക്തിയുടെ പ്രേരണയാല്‍ ബുദ്ധി ദൈവികസത്യത്തിലേക്ക് ഉയരുന്ന പ്രവര്‍ത്തി ആയിട്ടാണ്." ഈ നിര്‍വചനം ദൈവകൃപയാണ് വിശ്വാസത്തിന്റെ അടിസ്ഥാന കാരണം എന്ന് പറയുന്നതിനോടൊപ്പം അതില്‍ അടങ്ങിയിരിക്കുന്ന ഇച്ഛയുടേയും ബുദ്ധിയുടേയും പ്രധാനപങ്കിനേയും വെളിപ്പെടുത്തുന്നു. ഇച്ഛയും ബുദ്ധിയും യുക്തിയുടെ വ്യാപാരങ്ങളാണ്, അതായത് ഒരല്‍പ്പമെങ്കിലും യുക്തിയുള്ളവനെ ഒരു വിശ്വാസി ആകാന്‍ കഴിയൂ. യഥാര്‍ത്ഥയുക്തി ഒരുവനെ വിശ്വാസത്തിലേക്ക് ഒരുക്കുന്നു, പിന്നീട് അതിനെ അവന് യുക്തിപരമായി വിശ്വസനീയമാക്കുകയും ചെയ്യുന്നു. എന്നിരുന്നാലും ഈ വിശ്വസനീയതയല്ല വിശ്വാസത്തിന്റെ അടിസ്ഥാനം, മറിച്ച് അതിന്റെ ഉറവിടവും പരമലക്ഷ്യവുമായ ദൈവമാണ് അതിനാധാരം.
എല്ലാം യുക്തിസഹമായി പരിശോധിച്ചറിഞ്ഞിട്ടല്ല ഒരുവനില്‍ വിശ്വാസമുടലെടുക്കുന്നത്. മാനുഷിക തലത്തില്‍ ഒരു ഉദാഹരണമെടുത്താല്‍, ഒരുവന്‍ മറ്റൊരാളില്‍ വിശ്വാസമര്‍പ്പിക്കുന്നു എന്നതിനര്‍ത്ഥം അവന്‍ അതിനുള്ള എല്ലാ തെളിവുകളും സ്വന്തമാക്കി എന്നല്ല, ആണെങ്കില്‍ അവന്‍ അത്രയും കുറച്ചെ അവനെ വിശ്വസിച്ചിരുന്നൊള്ളൂ മനസ്സിലാക്കണം, മറിച്ച് അവനെക്കുറിച്ചുള്ള പരിമിതമായ തിരിച്ചറിവുകളില്‍ നിന്ന് അവനില്‍ ഉറപ്പ് കണ്ടെത്തുകയാണ്. എന്നുവച്ച് ഞാന്‍ വിശ്വസിക്കുന്നതിനെ ബുദ്ധിപരമായി മനസ്സിലാക്കാന്‍ പരിശ്രമിക്കുന്നതിലൂടെ ഒരിക്കലും എന്റെ വിശ്വാസത്തിന് കുറവ് സംഭവിക്കുന്നില്ല, മറിച്ച് അത് എന്നെ കൂടുതല്‍ വിശ്വാസിയാക്കുന്നു അഥവാ എന്റെ വിശ്വാസത്തിന് കൂടുതല്‍ ഉറപ്പ് നല്‍കുന്നു. തുടക്കത്തില്‍ സൂചിപ്പിച്ച വിശ്വാസത്തിലെ വൈകാരിക തലം എല്ലായ്‌പ്പോഴും അനുഭവപെടില്ലെങ്കിലും യുക്തിയിലൂടെയുള്ള ഈ വിശ്വാസം എല്ലായ്‌പ്പോഴും നിലനില്‍ക്കും.
മേല്‍പ്പറഞ്ഞതില്‍ നിന്ന് വിശ്വാസവും യുക്തിയും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു എന്നു മനസ്സിലാക്കാം. വിശ്വാസം ഒരിക്കലും യുക്തിയെ നിശബ്ദമാക്കുന്നില്ല, ഒരു വിശ്വാസിയും വിശ്വസിച്ച് തുടങ്ങിയപ്പോള്‍ ചിന്തിക്കാനുള്ള തന്റെ കഴിവ് നഷ്ടപ്പെടുത്തിയിട്ടില്ല. മറിച്ച് കൂടുതല്‍ ഔന്നത്യങ്ങളിലേക്ക് അവന്റെ ചിന്താശേഷി മിഴി തുറക്കുകയാണ് ചെയ്തത്. അതായത് വിശ്വാസവും യുക്തിയും പരസ്പര പൂരകങ്ങളാണ്, വിശ്വാസം യുക്തിയാല്‍ ശക്തിയാര്‍ജ്ജിക്കുകയും യുക്തി വിശ്വാസത്താല്‍ പൂര്‍ണ്ണമാക്കപ്പെടുകയും ചെയ്യുന്നു. യുക്തി പ്രധാനമായും പ്രകൃതിസത്യങ്ങളേയാണ് അന്വേഷിക്കുന്നതെങ്കില്‍ വിശ്വാസം യുക്തിക്കുപരിയായ അതീന്ദ്രിയ സത്യങ്ങളെ തിരിച്ചറിയാന്‍ സഹായിക്കുന്നു. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 'വിശ്വാസവും യുക്തിയും' എന്ന ചാക്രിക ലേഖനത്തില്‍ എഴുതിയതുപോലെ ദൈവികസത്യത്തിലേക്ക് മനുഷ്യത്മാവിനെ ഉയര്‍ത്തുന്ന രണ്ട് ചിറകുകള്‍ പോലെയാണ് വിശ്വാസവും യുക്തിയും. അതായത് ഇവ രണ്ടും ഒരേ സത്യത്തിലേക്കാണ് അത്യന്തികമായി മനുഷ്യനെ നയിക്കുന്നത്. മറ്റൊരര്‍ത്ഥത്തില്‍ വിശ്വാസത്തിനും യുക്തിക്കും പരസ്പരപൂരകമായി വര്‍ത്തിച്ചില്ലെങ്കില്‍ അവക്ക് ഏറെ പരിമിതികളുണ്ട്.
ക്രൈസ്തവവിശ്വാസമനുസരിച്ച് ആദിപാപത്താല്‍ യുക്തിയുടെ ശരിയായ പ്രവര്‍ത്തനത്തിന് തകരാറുകള്‍ സംഭവിച്ചിട്ടുണ്ട്. ആയതിനാല്‍ യാഥാര്‍ത്ഥ്യങ്ങള്‍ അതിന്റെ സമഗ്രതയില്‍ കാണാന്‍ കഴിയാതെ വരുന്നു. കുറവുകളുള്ള ഈ യുക്തി മിക്കപ്പോഴും കാണാന്‍ ആഗ്രഹിക്കുന്നതു മാത്രം കാണുകയും മറ്റുചിലപ്പോള്‍ കാണാതിരിക്കാനായി ചോദ്യങ്ങള്‍ മാത്രം ചോദിച്ചു കൊണ്ടേയിരിക്കുകയും ചെയ്യുന്നു. ലോകത്തിന്റെ ഭ്രമിപ്പിക്കുന്ന ചിത്രങ്ങളും മിഥ്യാസങ്കല്‍പ്പങ്ങളും മുന്‍വിധികളും ശരീരത്തിന്റെ അമിതമായ തൃഷ്‌ണകളും എല്ലാം യുക്തിയുടെ നേര്‍കാഴ്ചയെ തടസ്സപ്പെടുത്തുന്നുണ്ട്. എന്നിരുന്നാലും വിശ്വാസവും യുക്തിയും പരസ്പരം കൈകോര്‍ക്കുമ്പോള്‍ വിശ്വാസം യുക്തിയെ ഈ പരിമിതികളില്‍ നിന്ന് മോചിപ്പിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്യുന്നു.അതുവഴി ഒരുവന്‍ യഥാര്‍ത്ഥസത്യത്തിലേക്ക് ആനയിക്കപ്പെടുന്നു.
ചുരുക്കത്തില്‍ വിശ്വാസമില്ലാത്ത യുക്തി അപൂര്‍ണ്ണവും യുക്തിയില്ലാത്ത വിശ്വാസവും അപകടകരവുമാണ്. ഇവ അനുക്രമം അധാര്‍മ്മികതയിലേക്കും അന്ധവിശ്വാസങ്ങളിലേക്കും വഴിതെളിക്കും. ഇത്തരത്തിലുള്ള നിരവധി 'അക്രമങ്ങളും' രക്തചൊരിച്ചിലുകളും ചരിത്രം സക്ഷ്യപ്പെടുത്തുന്നുണ്ട്. മനുഷ്യന്റെ ശാശ്വതശാന്തിക്കും അത്യന്തികലക്ഷ്യപ്രാപ്തിക്കും ഉള്ള ഒരേയൊരു മാര്‍ഗ്ഗം വിശ്വസത്തിന്റേയും യുക്തിയുടേയും ഏകോപനമാണ്. സത്യങ്ങള്‍ തിരിച്ചറിയാന്‍ മനുഷ്യനെ സഹായിക്കുന്ന ഇവ രണ്ടിന്റേയും ഉറവിടം ഏകദൈവമായതിനാല്‍ ഇവക്ക് പരസ്പ്പരം വൈരുദ്ധ്യാത്മകമായി പ്രവര്‍ത്തിക്കാന്‍ കഴിയുകയില്ല. ഇനി അവ പരസ്പര വിരുദ്ധമായി കാണപ്പെടുന്നുണ്ടെങ്കില്‍ അവ ചൂണ്ടികാണിക്കുന്ന പരമസത്യത്തെ ദര്‍ശിച്ചിട്ടില്ല എന്ന് മനസ്സിലാക്കണം, പലപ്പോഴും ഇതാണ് സംഭവിക്കുന്നത്. ഉദാഹരണത്തിന് ചന്ദ്രനെ ചൂണ്ടികാണിക്കുന്ന കൈവിരലുകള്‍ ചന്ദ്രനാണെന്ന് തെറ്റിദ്ധരിച്ചാല്‍ എങ്ങനെയിരിക്കും? അതേസമയം ഈ കൈവിരലുകള്‍ യഥാര്‍ത്ഥ കാഴ്ച്ചയിലേക്ക് ഒരുവനെ നയിക്കുന്നതിന് അത്യന്താപേക്ഷിതമാണ്. അതിന് നമ്മെ സഹായിക്കുന്ന, പരമസത്യത്തെ ചൂണ്ടികാണിക്കുന്ന, വിശ്വസനീയമായ വിശ്വാസത്തിന്റെ ഉളളടക്കത്തിലേക്ക് അടുത്ത ലക്കത്തിലൂടെ പ്രവേശിക്കാം.
Sunday, March 16, 2008
വിശ്വാസവും യുക്തിയും
ദൈവത്തില്‍ വിശ്വസിക്കുക എന്നാല്‍ തന്നെ തന്നെ പൂര്‍ണ്ണമായും ദൈവത്തിന് സമര്‍പ്പിക്കുക എന്നാണ് അര്‍ത്ഥമാക്കേണ്ടത്. മറ്റൊരുവാക്കില്‍, ഒരുവന്റെ വികാരത്തിലും വിചാരത്തിലും ഇച്ഛയിലും ആത്മവിലും നിന്ന് തുടിച്ചുയരുന്ന ഒരു യാഥാര്‍ത്ഥ്യമാണ് വിശ്വാസം. ഈ വിശ്വാസത്തിന് രണ്ട് തലങ്ങളുണ്ട്; 1. എന്തില്‍ വിശ്വസിക്കുന്നു (the object of faith), 2. എങ്ങനെ വിശ്വസിക്കുന്നു (the act of faith).
Subscribe to:
Post Comments (Atom)
7 comments:
“ചുരുക്കത്തില്‍ വിശ്വാസമില്ലാത്ത യുക്തി അപൂര്‍ണ്ണവും യുക്തിയില്ലാത്ത വിശ്വാസവും അപകടകരവുമാണ്. ഇവ അനുക്രമം അധാര്‍മ്മികതയിലേക്കും അന്ധവിശ്വാസങ്ങളിലേക്കും വഴിതെളിക്കും. ഇത്തരത്തിലുള്ള നിരവധി 'അക്രമങ്ങളും' രക്തചൊരിച്ചിലുകളും ചരിത്രം സക്ഷ്യപ്പെടുത്തുന്നുണ്ട്. മനുഷ്യന്റെ ശാശ്വതശാന്തിക്കും അത്യന്തികലക്ഷ്യപ്രാപ്തിക്കും ഉള്ള ഒരേയൊരു മാര്‍ഗ്ഗം വിശ്വസത്തിന്റേയും യുക്തിയുടേയും ഏകോപനമാണ്..”
സഞ്ചാരീ, വളരെ വ്യക്തമായി താങ്കള്‍ ഈ ലേഖനത്തിലൂടെ ഇതു പറഞ്ഞിരിക്കുന്നു. അവരവരുടെ വിശ്വാസത്തെ പൂര്‍ണ്ണമായി അറിയാതെയും ഉള്‍ക്കൊള്ളാതെയും തികച്ചും മാനുഷികമായ യുക്തിക്കും, യുക്തിഹീനതകള്‍ക്കും അടിപ്പെട്ട് മനുഷ്യര്‍ പ്രവര്‍ത്തിക്കുമ്പോഴാണ് അക്രമങ്ങളും അസമാധാനവും അസഹിഷ്ണുതയും ഉണ്ടാകുന്നത്.
പബ്ലിഷ് ചെയ്യുന്നതിനു മുന്‍പ് നേരിയ പരിഭ്രമമുണ്ടായിരുന്നു മനസ്സിലെ ആശയം തന്നെയാണൊ വരികളിലൂടെ വായിച്ചെടുക്കാന്‍ പറ്റുക എന്ന്... ഇപ്പോള്‍ അത് മാറി. നന്ദി അപ്പുവേട്ടാ.
"യഥാര്‍ത്ഥയുക്തി ഒരുവനെ വിശ്വാസത്തിലേക്ക് ഒരുക്കുന്നു, പിന്നീട് അതിനെ അവന് യുക്തിപരമായി വിശ്വസനീയമാക്കുകയും ചെയ്യുന്നു."
The first part is so true. It's smtn I always think abt. The development of 'true reason' could happen in universities... where I think the study of philosophy should go back to being the foundation of ALL courses, as it was before. It gives certain 'tools' for logical thinking... am I right? Now, actually, philosophy departments are being taken off the list! knowledge is fragmented... so people are kept from thinking too much, just left to absorb their 'specialisation' without tools to question it. Crippled. So we have doctors well-versed in anatomy who do not think it is legitimate to ask 'what is human life' in an academic/medical setting. They think it is not a logical enough question. What?
Others end up thinking that 'true reason' is only what they learnt. Eg. 1+1=2...hahaha... if that were true. Growth to true reason, and to faith is already stunted in universities.
Of course, study of philosophy in universities is just a narrow context of 'യഥാര്‍ത്ഥയുക്തി' but I feel an important one considering how many people pass out of such institutions.
താങ്കളുടെ കാഴ്ചപ്പാടുകളോട് ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു. സെമിനാരികളില്‍ തത്വശാസ്ത്ര പഠനം നിര്‍ബന്ധമാക്കിയതും ഈക്കാരണത്താലാണ്. നേര്‍ചിന്തക്ക് ഒരുവനെ ഒരുക്കാനും ദൈവശാസ്ത്രപഠനങ്ങള്‍ക്ക് അടിത്തറയാവാനും.
അതെസമയം രണ്ടാമത്തെ ഭാഗത്ത് ("... പിന്നീട് അതിനെ അവന് യുക്തിപരമായി വിശ്വസനീയമാക്കുകയും ചെയ്യുന്നു.") സൂചിപ്പിച്ചതു പോലെ വിശ്വാസത്തില്‍ നിന്നാണ് ദൈവശാസ്ത്രം ആരംഭിക്കുന്നത്. ദൈവശാസ്ത്രത്തിന്റെ നിര്‍വചനം തന്നെ അതാണ്, "faith seeking understanding". എങ്കിലും ദൈവശാസ്ത്രത്തിനും ചില പരിമിതികളുണ്ട് അത് യുക്തിപരമാണെങ്കിലും എല്ലായ്പ്പോഴും ലളിതമല്ല ഉദാഹരണത്തിന് 1+1=2 എന്നത് ലളിതമാണ്, പക്ഷെ E= mc* (*=2) എല്ലാവര്‍ക്കും മന്‍സ്സിലാവില്ല. വിശ്വാസവും യുക്തിയും പ്രായോഗിക ജീവിതവും എല്ലാം ചാലിച്ചെടുത്താലെ ദൈവശാസ്ത്രസത്യങ്ങള്‍ പലതും മനസ്സിലാകു.
വിശ്വാസികളും യുക്തിവാതികളും ഒരു പോലെ വായിക്കേണ്ട കുറിപ്പ്.
നല്ല പോസ്റ്റ്.
ഒരു സംവാദത്തിനായി ചില മതവിശ്വാസങ്ങള്‍ തെരഞ്ഞെടുത്തത് നല്ല കാര്യമാണ്. ഇതു വായിച്ചപ്പോള്‍ എനിക്കു ചില സംശയങ്ങള്‍ ഉണ്ടായി.
മനുഷ്യന്റെ ശാശ്വതശാന്തിക്കും അത്യന്തികലക്ഷ്യപ്രാപ്തിക്കും ഉള്ള ഒരേയൊരു മാര്‍ഗ്ഗം വിശ്വസത്തിന്റേയും യുക്തിയുടേയും ഏകോപനമാണ്..”
വിശ്വാസത്തിന്റേയും യുക്തിയുടേയും ഏകോപനം എന്നു പറയുന്നത് അര്‍ ത്ഥശൂന്യമായ ഒരു പ്രസ്ഥാവനയാണ്. അതെങ്ങനെ സാധ്യമാകും എന്നു പറഞ്ഞാലേ മനസിലാകൂ.
തോമസ് അക്വിനാസ് നിര്‍വചിച്ചിരിക്കുന്ന വിശ്വാസം ദൈവക്ര്^പയാല്‍ നയിക്കപ്പെടുന്നതായിട്ടാണ്. യുക്തിക്കതീതമായൊരു പ്രതിഭാസമാണ് ദൈവം . അപ്പോള്‍ യുക്തിയും വിശ്വാസവും എങ്ങനെ ഏകോപിക്കാമെന്ന്. വിശദീകരിച്ചാല്‍ കൊള്ളാം
'വിശ്വാസവും യുക്തിയും' എന്ന ചാക്രിക ലേഖനത്തില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ ഇത് മനോഹരമായി വിശദീകരിച്ചിട്ടുണ്ട്. ലിങ്ക് ഇതേ പോസ്റ്റിലുണ്ട്.
Post a Comment