Thursday, September 18, 2008

ബൈബിളിന്റെ കാനോനികത

ബൈബിള്‍ രചിക്കപ്പെട്ടിട്ട്‌ നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ബൈബിളിലെ വിവിധ പുസ്തകങ്ങളുടെ ആധികാരികതയെ സംബന്ധിച്ച സംശയങ്ങളും തര്‍ക്കങ്ങളും ഇന്നും വിവിധരീതിയില്‍ തുടരുന്നുണ്ട്‌. അത്തരത്തിലുള്ള ചില ചോദ്യങ്ങള്‍ക്കുദ്ദാഹരണങ്ങളാണ്‌; ബൈബിളില്‍ എന്തുകൊണ്ട്‌ ചില നിശ്ചിതപുസ്തകങ്ങള്‍ മാത്രം അടങ്ങിയിരിക്കുന്നു? 'യൂദാസിന്റെ സുവിശേഷം', 'തോമായുടെ സുവിശേഷം' തുടങ്ങി വിവിധ പേരുകളില്‍ അറിയപ്പെടുന്ന പുസ്തകങ്ങള്‍ എന്തുകൊണ്ട്‌ ബൈബിളിന്റെ ഉള്ളടക്കമാകുന്നില്ല? ഇത്തരം സംശയങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ബൈബിളിന്റെ കാനോനിക രൂപീകരണത്തെ കുറിച്ചുള്ള പഠനത്തിലൂടെ എളുപ്പത്തില്‍ മനസ്സിലാക്കാനാവും.

ദൈവികവെളിപാടിനെ ആസ്‌പദമാക്കി നീണ്ട കാലയളവിനുള്ളില്‍ രചിക്കപ്പെട്ട വിവിധപുസ്തകങ്ങളില്‍ ഏതൊക്കെയാണ്‌ ദൈവനിവേശിതമെന്ന് തിരിച്ചറിഞ്ഞ്‌ അവയെ വിശ്വാസത്തിന്റെ മാനദണ്ഡമായി തിരുസ്സഭ ഔദ്യോഗികമായി പ്രഖ്യാപിച്ചതാണ്‌ ബൈബിളിന്റെ കാനോന്‍. ഈ പ്രഖ്യാപനത്തിലൂടെയാണ്‌ തര്‍ക്കങ്ങള്‍ക്കതീതമായി ബൈബിളില്‍ ഇന്നു കാണുന്ന 73 പുസ്തങ്ങള്‍ നിശ്ചയിച്ചുറപ്പിക്കപ്പെട്ടത്‌. സുദീര്‍ഘമായ ഒരു കാലയളവിനു ശേഷമാണ്‌ ഇത്തരത്തിലൊരു കാനോനികനിര്‍ണ്ണയം നടന്നത്‌. സഭാവളര്‍ച്ചയുടെ പ്രാരംഭഘട്ടത്തില്‍ ഇത്തരമൊരു പ്രഖ്യാപനത്തിന്റെ ആവശ്യകതയില്ലായിരുനു. ചരിത്രപരമായ ചില കാരണങ്ങളാലാണ്‌ ബൈബിളിന്റെ കാനോന്‍ നിലവില്‍വന്നത്‌. ക്രൈസ്തവസഭയുടെ പ്രാരംഭഘട്ടത്തില്‍ ഇന്ന് പഴയനിയമപുസ്തകങ്ങളായി അറിയപ്പെടുന്നവയ്ക്ക്‌ യഹൂദരുടെ വി.ഗ്രന്ഥമാണ്‌ ഉപയോഗിച്ചിരുന്നത്‌. അതേസമയം, പുതിയനിയമപുസ്തകങ്ങളുടെ ഉള്ളടക്കമായ ക്രിസ്തുരഹസ്യവും അതിന്റെ തുടര്‍ച്ചയായ അപ്പസ്തോലിക പ്രബോധനങ്ങളും വാചികരൂപത്തിലാണ്‌ വിവിധ സഭാസമൂഹങ്ങളില്‍ പ്രചരിച്ചിരുന്നത്‌. ക്രിസ്തുകേന്ദ്രീകൃതമായ ഈ വാചികപാരമ്പര്യത്തിന്‌ എഴുതപ്പെട്ട പഴയനിയമഗ്രന്ഥങ്ങള്‍ക്കുള്ള തുല്ല്യപ്രധാന്യം വിശ്വാസികള്‍ നല്‍കിയിരുന്നു, അതായത്‌ ഈ വാചികപാരമ്പര്യം ദൈവവചനമായിട്ടാണ്‌ അവര്‍ പരിഗണിച്ചിരുന്നത്‌.

ജറുസലേമില്‍ തുടക്കം കുറിച്ച സഭ ആരംഭത്തില്‍ റോമാസാമ്രാജ്യത്തിലേക്കും പിന്നീട്‌ ലോകം മുഴുവനിലേക്കും വ്യാപിച്ചപ്പോള്‍ ഈ വാചികപാരമ്പര്യം വിവിധ സമൂഹങ്ങളില്‍ നിയന്ത്രണാതീതമാവുകയും യഥാര്‍ത്ഥവിശ്വാസപാരമ്പര്യത്തിന്‌ നിരക്കാത്ത രീതിയില്‍ വ്യഖ്യാനിക്കപ്പെടാനും പ്രചരിക്കുവാനും തുടങ്ങി. ഇത്തരുണത്തില്‍, സാര്‍വ്വത്രികസഭയില്‍ എല്ലായിടത്തും ഏകവിശ്വാസം പരിപാലിക്കേണ്ടത്‌ നിര്‍ണ്ണായകമായ ആവശ്യകതയായിരുന്നു. അതിനായി, അവയുടെ രചനാരൂപം കൂടുതല്‍ പ്രായോഗികവും ഫലവത്തുമാണെന്ന് കണ്ട്‌ പഴയനിയമപുസ്തകങ്ങളെ അപേക്ഷിച്ച്‌ പുതിയനിയമപുസ്തകങ്ങള്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ (ഏതാണ്ട്‌ 70 വര്‍ഷം)രചിക്കപ്പെട്ടു. പക്ഷെ, ഈ രചനയോടനുബന്ധിച്ചും വിശ്വാസസമൂഹത്തിന്‌ നിരവധി വെല്ലുവിളികള്‍ നേരിടേണ്ടിയിരുന്നു. യഥാര്‍ത്ഥത്തിലുള്ള പുതിയനിയമപുസ്തകങ്ങള്‍ രചിക്കപ്പെട്ടത്‌ അപ്പസ്തോലമാരിലൂടേയൊ, അവരുടെ ഏറ്റവുമടുത്ത സഹായികളിലൂടേയൊ ആയിരുന്നു. അതേസമയം അപ്പസ്തോലന്മാരുടെ തന്നെ പേരില്‍ വ്യാജസുവിശേഷങ്ങളും എഴുതപ്പെട്ടു. അവക്കുദ്ദാഹരണമാണ്‌ 'യൂദാസിന്റെ സുവിശേഷം', 'പത്രോസിന്റെ സുവിശേഷം' തുടങ്ങിയവ. അതുപോലെ അന്നുനിലവിലിരുന്ന ചില മിത്തുകളും യുക്തിചിന്തകളുമെല്ലാം ക്രിസ്തുരഹസ്യങ്ങളോട്‌ കൂട്ടികലര്‍ത്തി മറ്റ്‌ കൃതികളും രചിക്കപ്പെട്ടു. അവയില്‍ ചിലതാണ്‌ ഗ്‌നോസ്റ്റിക്ക്‌ സുവിശേഷങ്ങള്‍ എന്നറിയപ്പെടുന്നവ. വിശ്വാസികള്‍ക്കിടയില്‍ തെറ്റിദ്ധാരണകള്‍ക്കിടവരുത്തുന്ന കൃതികള്‍ ഇന്നും രചിക്കപ്പെടുന്നുണ്ട്‌. ഡാന്‍ ബ്രൗണിന്റെ 'ദാ വിഞ്ചി കോഡ്‌' അതിനൊരുദ്ദാഹരണമാണ്‌.

ഇപ്രകാരമുള്ള കൃതികളിലെ ആശയങ്ങള്‍ പ്രത്യക്ഷത്തില്‍ യുക്തിസഹമാണെന്നും സത്യമാണെന്നും തോന്നിപ്പിക്കുമെങ്കിലും അവ യഥാര്‍ത്ഥവസ്തുതകള്‍ക്ക്‌ ഘടകവിരുദ്ധമായിരിക്കും. ഇത്തരത്തില്‍ ക്രിസ്തുരഹസ്യത്തെ ആസ്പദമാക്കി വിവിധവ്യാഖ്യാനങ്ങളും കൃതികളും സമൂഹത്തില്‍ ഉടലെടുത്തപ്പോള്‍ അവയില്‍ നിന്ന് വ്യതിരക്തമായി യഥാര്‍ത്ഥസുവിശേഷപുസ്തകങ്ങള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കുന്ന പ്രഖ്യാപനങ്ങളും കുറിപ്പുകളും കാലകാലങ്ങളില്‍ സഭാനേതൃത്വം വിശ്വാസികള്‍ക്കായി നല്‍കിയിരുന്നു. ഇത്തരം നിരവധി പുരാതനകുറിപ്പുകള്‍ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്‌. ഇവയാണ്‌ ബൈബിളിന്റെ പ്രാചീന കാനോനകളായി അറിയപ്പെടുന്നത്‌. ഇവയെല്ലാം സാര്‍വ്വത്രികസഭയുടെ വിവിധ കൗണ്‍സിലുകളിലൂടെ യഥാകാലം നവീകരിക്കപ്പെടുകയും പരിരക്ഷിക്കപ്പെടുകയും ചെയ്തു. നാലാം നൂറ്റാണ്ടോടെ നാം ഇന്ന് ബൈബിളില്‍ കാണുന്ന പുസ്തകങ്ങളെല്ലാം ഉള്‍പ്പെടുന്നതാണ്‌ യഥാര്‍ത്ഥ ബൈബിള്‍ എന്ന് സാര്‍വ്വത്രികമായി അംഗീകരിക്കപ്പെട്ടു. പിന്നീട്‌, 1546-ലെ ത്രെന്ത്‌ സൂന്നഹദോസില്‍ ബൈബിളിന്റെ കാനോന്‍ ഒരു വിശ്വാസത്യമായി നിര്‍ണ്ണയിച്ചുറപ്പിക്കപ്പെട്ടു. ഒന്നാം വത്തിക്കാന്‍ കൗണ്‍സിലും രണ്ടാം വത്തിക്കാന്‍ കൗണ്‍സിലും ഇതേ കാനോന്‍ പിന്തുടര്‍ന്നു. ഇത്തരത്തില്‍ സഭാധികാരികളാല്‍ നിശ്ചയിച്ചുറപ്പിക്കപ്പെട്ട 73 പുസ്തകങ്ങളുടെ സമാഹാരമാണ്‌ ഇന്നത്തെ കത്തോലിക്കാബൈബിള്‍.

ബൈബിളിന്റെ കാനോനിക രൂപീകരണത്തിന്‌ മേല്‍പ്പറഞ്ഞരീതിയില്‍ ചരിത്രപരമായ വിവിധകാരണങ്ങള്‍ ഉണ്ടെങ്കിലും, മറ്റ്‌ ഭരണാധികാരികളുടെ സ്വാധീനത്താലോ, സഭാധികാരികളുടെ യാദൃശ്ചികമൊ അവസരവാദപരമൊ ആയ തീരുമാനങ്ങളാലോ അല്ല ഇവ രൂപീകരിക്കപ്പെട്ടത്‌. മറിച്ച്‌, അപ്പസ്തോലിക പിന്തുടര്‍ച്ചയിലൂടെ സഭാധികാരികള്‍ക്ക്‌ ഭരമേല്‍പ്പിക്കപ്പെട്ട തനതായ വിശ്വാസപാരമ്പര്യങ്ങളേയും വിശുദ്ധഗ്രന്ഥങ്ങളേയും, പരിശുദ്ധാത്മകൃപയാല്‍ വ്യത്യസ്തമാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി വ്യതിരക്തമായി തിരിച്ചറിഞ്ഞാണ്‌ ബൈബിളിന്റെ കാനോന്‍ നിര്‍ണ്ണയിക്കപ്പെട്ടത്‌.

കാനോനിക നിര്‍ണ്ണയത്തിന്റെ അടിസ്ഥാന മാനദണ്ഡങ്ങള്‍

പഴയനിയമം: ആദിമക്രിസ്ത്യാനികള്‍ പഴയനിയമഗ്രന്ഥമായി 'സെപ്തജിന്ത്‌' എന്നറിയപ്പെടുന്ന ഹെബ്രായ-ബൈബിളിന്റെ ഗ്രീക്ക്‌ പരിഭാഷയാണ്‌ തങ്ങളുടെ ആരാധനക്കും മതബോധനത്തിനുമായി ഉപയോഗിച്ചിരുന്നത്‌. ക്രിസ്തുവിനു മുന്‍പ്‌, മൂന്നും രണ്ടും നൂറ്റാണ്ടുകള്‍ക്കിടക്ക്‌ അലെക്സാണ്ടിയില്‍ ഒരുമിച്ചു കൂടിയ എഴുപത്‌ യഹൂദപണ്ഡിതരാണ്‌ ഈ പരിഭാഷ നടത്തിയത്‌. ഇത്‌ അലെക്സാണ്ട്രിയന്‍ കാനോന്‍ എന്ന പേരിലും അറിയപ്പെടുന്നു. ഇവ കൂടാതെ പാലസ്തീനായിലെ യഹുദര്‍ക്ക്‌ ചുരുക്കം പുസ്തകങ്ങളടങ്ങിയ മറ്റൊരു കാനോനും നിലവിലുണ്ടായിരുന്നു. ക്രൈസ്തവരെ സംബന്ധിച്ച്‌ യഹൂദകാനോനില്‍ നിന്ന് വ്യതിരക്തമായി സ്വന്തമായ കാനോന്‍ നിര്‍ണ്ണയിക്കേണ്ടിയിരുന്നു. ഇത്‌ യഹൂദരോടുള്ള മാത്സര്യബുദ്ധിയാലല്ല മറിച്ച്‌, പഴയനിയമപുസ്തകങ്ങളില്‍ പ്രവചിക്കപ്പെട്ടിരിക്കുന്ന മിശിഹായുടെ ആഗമനം അതിന്റ തുടര്‍ച്ചയായ പുതിയ നിയമപുസ്തങ്ങളുടെ കൂട്ടിചേര്‍ക്കലിലൂടെ സമ്പൂര്‍ണ്ണമാക്കുന്നതിനു വേണ്ടിയായിരുന്നു. പഴയനിയമപുസ്തങ്ങളുടെ കാനോനിക നിര്‍ണ്ണയത്തിന്‌ പ്രധാന മാനദണ്ഡമായി സഭാനേതൃത്വം പരിഗണിച്ചത്‌ ആദിമക്രെസ്തവസമൂഹം ഉപയോഗിച്ചിരുന്ന 'സെപ്തജിന്ത്‌' പരിഭാഷയില്‍ ഉള്‍പ്പെട്ട പുസ്തകങ്ങളായിരിക്കണം എന്നതാണ്‌. അതോടൊപ്പം പുതിയനിയമ പുസ്തകങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന പഴയനിയമഗ്രന്ഥങ്ങളിലെ ഭാഗങ്ങളും ആ പുസ്തകങ്ങളുടെ കാനോനികത ഉറപ്പിക്കുന്നതിന്‌ സഹായകഘടകമായി.

പുതിയനിയമം: പഴയനിയമപുസ്തങ്ങളെ അപേക്ഷിച്ച്‌ പുതിയാനിയനിയമ പുസ്തകങ്ങളുടെ കനോനികത നിര്‍ണ്ണയിക്കുക തുടക്കത്തില്‍ സൂചിപ്പിച്ച കാരണങ്ങളാല്‍ ഏറെ ശ്രമകരമായിരുന്നു. അതിനു പ്രധാനമായും പരിഗണിച്ചിരുന്ന ഘടകങ്ങള്‍ താഴെപ്പറയുന്നവയണ്‌;

1. അപ്പസ്തോലിക ഉത്ഭവം: ഇവ രചിക്കപ്പെട്ടത്‌ ഏതെങ്കിലും അപ്പസ്തോലനില്‍ നിന്നോ അവരുടെ നിര്‍ദ്ദേശപ്രകാരം അവരുടെ ഏറ്റവുമടുത്ത സഹായികളാലൊ ആയിരിക്കണം. അതായത്‌ ഒന്നാം നൂറ്റാണ്ടില്‍ രൂപീകരിക്കപ്പെട്ടതായിരിക്കണം ഈ പുസ്തകങ്ങള്‍. ഇപ്രകാരം അപ്പസ്തോലരാല്‍ രചിക്കപ്പെട്ടവയ്ക്ക്‌ ഉദാഹരണങ്ങളാണ്‌- മത്തായിയുടെ സുവിശേഷം; യോഹന്നാന്റെ സുവിശേഷം, ലേഖനം, വെളിപാടുപുസ്തകം; പത്രോസ്‌, പൗലൊസ്‌, യാക്കോബ്‌, യൂദാ എന്നിവരുടെ ലേഖനങ്ങള്‍. അവരുടെ ഏറ്റവുമടുത്ത സഹായികളാല്‍ എഴുതപ്പെട്ടവയാണ്‌- മര്‍ക്കോസിന്റേ സുവിശേഷം, ലൂക്കായുടെയും സുവിശേഷം, നടപടി പുസ്തകം; ഹെബ്രായര്‍ക്കുള്ള ലേഖനം.

2. ആരാധനക്രമങ്ങളിലെ ഉപയോഗം: പഴയനിയമ ഗ്രന്ഥങ്ങളോടൊപ്പം 'പുതിയ നിയമപുസ്തകങ്ങളും' ആദിമക്രിസ്ത്യാനികള്‍ ആരാധനക്കായി ഉപയോഗിച്ചിരുന്നു. പ്രത്യേകിച്ച്‌ യേശുവിന്റെ മനുഷ്യാവതാരരഹസ്യവും അത്ഭുതങ്ങളും പീഡാസഹനവും ഉത്ഥാനത്തെക്കുറിച്ചുമെല്ലാം ലഘുവായി വിവരിച്ചിരുന്ന സുവിശേഷത്തിന്റെ പൂര്‍വ്വരൂപങ്ങള്‍ (പ്രീ ഗൊസ്പെല്‍ റ്റെക്സ്റ്റ്‌). പിന്നീട്‌ ഇവയോടൊപ്പം മറ്റു ലേഖനങ്ങളും പൊതുവായ്‌ വിവിധസഭകളില്‍ ആരാധനക്കിടയില്‍ വായിക്കാറുണ്ടായിരുന്നു.

3. സാര്‍വ്വത്രീകാംഗീകാരം: അപ്പസ്തോലന്മാരുടെ കാലഘട്ടത്തില്‍ നിലവിലിരുന്ന പ്രബോധനങ്ങളും, പ്രത്യേകിച്ച്‌ ആദിമസഭാപിതാക്കന്മാരിലൂടെ വെളിപ്പെടുത്തപ്പെട്ട്‌ സാര്‍വ്വത്രികമായി അംഗീകരിക്കപ്പെട്ട ക്രിസ്തുരഹസ്യങ്ങളും വിശ്വാസപൈതൃകവും അടങ്ങിയവയായിരിക്കണം ഈ പുസ്തകങ്ങള്‍. തത്സമയം, ഈ വിശ്വാസപൈതൃകത്തിന്‌ വിരുദ്ധമായ പുസ്തകങ്ങള്‍ ക്രൈസ്തവസഭ ആധികാരികമായി കണക്കാക്കില്ല. ഈ സാര്‍വ്വത്രിക പാരമ്പര്യമാണ്‌ കാലാകാലങ്ങളില്‍ സാര്‍വ്വത്രിക സൂന്നഹദോസുകളിലൂടെ സഭാനേതൃത്വം സംരക്ഷിച്ചുവന്നത്‌.

4. പുരാതന കാനോനകള്‍: തുടക്കത്തില്‍ സൂചിപ്പിച്ചതു പോലെ ഇന്നയിന്ന പുസ്തകങ്ങള്‍ ആധികാരികമാണെന്ന് കാണിക്കുന്ന പുരാതനകുറിപ്പുകള്‍ കണ്ടെടുക്കപ്പെട്ടിരുന്നു. അവയില്‍ പ്രധാനപ്പെട്ടവയാണ്‌ മാര്‍സിയോണിന്റെ കാനോന്‍, മുറത്തോറിയന്‍ കാനോന്‍, വി. ഇറേണിയൂസ്സിന്റേയും തെര്‍ത്തുല്ല്യന്റെയും കുറിപ്പുകള്‍, 367-ലെ ഈസ്റ്ററില്‍ എഴുതപ്പെട്ട വിശുദ്ധ അത്താനാസിയൂസിന്റെ ഏഴുത്ത്‌ തുടങ്ങിയവ. പിന്നീട്‌ ഇതിന്റെ ചുവടു പിടിച്ചാണ്‌ വിശുദ്ധ ജെറോമിന്റെ 'വുള്‍ഗാത്ത' എന്നറിയപ്പെടുന്ന ബൈബിളിന്റെ ഔദ്യോഗിക ലത്തീന്‍ പരിഭാഷ 385-ല്‍ നിലവില്‍ വന്നത്‌. ഇവയില്‍ ഉള്‍പ്പെട്ട പുസ്തകങ്ങളാണ്‌ ത്രെന്ത്‌ സൂന്നഹദോസ്സില്‍ ഒരിക്കല്‍ കൂടി നിര്‍ണ്ണയിച്ചുറപ്പിച്ചത്‌.

ചുരുക്കത്തില്‍, ബൈബിളിന്റെ കാനോനികത ഒരു പുതിയ വെളിപാടല്ല. കാലകാലങ്ങളിലൂടെ പരിരക്ഷിച്ചു വന്ന വിശ്വാസപൈതൃകത്തിന്റെ ഔദ്യോഗിക പ്രഖ്യാപനമാണിത്‌. ഈ വിശ്വാസപൈതൃകത്തെ തിരിച്ചറിയുന്ന മാനദണ്ഡങ്ങള്‍ക്ക്‌ അനുയോജ്യമല്ലാത്ത പുസ്തകങ്ങളെ (യൂദാസിന്റെ സുവിശേഷം, ...) നിസ്സംശയം അവഗണിക്കുവാന്‍ ഇത്‌ സഹായിക്കുന്നു. ഈ പ്രഖ്യാപനം പുതിയതായ ഒരു രക്ഷാകരസത്യവും കൂട്ടിചേര്‍ക്കുന്നില്ല, മറിച്ച്‌ രക്ഷാകര രഹസ്യങ്ങള്‍ പരമ്പരാഗതമായി ഈ പുസ്തകങ്ങളില്‍ അടങ്ങിയിരിക്കുന്നു എന്നതിന്‌ വിശ്വാസികള്‍ക്ക്‌ ഉറപ്പു നല്‍കുന്നു. എങ്കിലും മറ്റ്‌ ക്രൈസ്തവസമൂഹങ്ങളില്‍ ഈ പാരമ്പര്യങ്ങളെ സംബന്ധിച്ച സംശയങ്ങളും തര്‍ക്കങ്ങളും നിലവിലുണ്ട്‌ എന്ന വസ്തുത അംഗീകരിക്കേണ്ടതുണ്ട്‌. എന്നിരുന്നാലും, വിശുദ്ധഗ്രന്ഥരചനയിലുടനീളം നിറഞ്ഞുനിന്നിരുന്ന ഏകപരിശുദ്ധാത്മാവാണ്‌ വിശ്വാസത്തിന്റെ ഈ അടിസ്ഥാനമാനദണ്ഡം (ബൈബിള്‍ കാനോനികത) തെറ്റുകൂടാതെ നിര്‍വചിച്ചതിന്‌ സഭാനേതൃത്വത്തെ അദൃശ്യമായി സഹായിച്ചതെതെന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു.

5 comments:

സാജന്‍| SAJAN said...

സഞ്ചാരി , നല്ല ശ്രമം, അഭിനന്ദനങ്ങള്‍:)

AJO JOSEPH THOMAS said...

Dear Fr. Jaimon ! IT IS VERY MUCH USEFUL TO ALL HUMAN BEINGS. Please go on with your efforts.
http://thewordofgodisalive.blogspot.com

Anonymous said...

കൊള്ളാം. അഭിനന്ദനങ്ങള്

മാര്‍ഗ്ഗം said...

kollam..........
good move..........
go ahead.......

Rosy and Chacko said...

Probably our blog may be of interest to you. http://sahajeevanam.blogspot.com/
There is a posting on our book on "Feminine Spirituality" and a piece of travelogue on our trip to Holy land.
For Sahajeevanam, Chacko