Showing posts with label ദൈവശാസ്ത്രം. Show all posts
Showing posts with label ദൈവശാസ്ത്രം. Show all posts

Wednesday, April 2, 2008

ദൈവികവെളിപ്പെടുത്തലുകളും ക്രൈസ്തവവിശ്വാസവും

ക്രൈസ്തവവിശ്വാസത്തിന്റെ ആദികാരണവും ഉള്ളടക്കവും ദൈവത്തിന്റെ സ്വയം വെളിപ്പെടുത്തലുകളുകളാണ്‌ (Divine Revelation). സൃഷ്ടികര്‍മ്മത്തില്‍ അവിടുന്ന് ഈ വെളിപ്പെടുത്തല്‍-പ്രക്രിയക്ക്‌ തുടക്കം കുറിച്ചു. ദൃശ്യപ്രപഞ്ചം മുഴുവനിലും നിറഞ്ഞുനില്‍ക്കുകയാണ്‌ ദൈവികചൈതന്യം. ആകാശത്തിന്റെ നീലിമയിലും കടലിന്റെ ഇരമ്പലിലും പക്ഷികളുടെ നാദത്തിലും തൂണിലും തുരുമ്പിലും സര്‍വേശ്വരന്റെ അനന്തശക്തിയും ദൈവികതയും വിളങ്ങിനില്‍ക്കുന്നു. മനുഷ്യനില്‍ ഈ ദൈവികവളിപ്പെടുത്തലുകള്‍ അവന്‍ തിരിച്ചറിയുന്നത്‌ സത്യത്തിലേക്കും സൗന്ദര്യത്തിലേക്കുമുള്ള അവന്റെ തുറവിയിലൂടേയും മനസാക്ഷിയുടെ വ്യതിരക്തമായ സ്വരത്തിലൂടേയും, പുര്‍ണ്ണസന്തോഷത്തിനും നിത്യതക്കുമുള്ള ശക്തമായ ദാഹത്തിലൂടെയുമാണ്‌. പക്ഷെ ഈ തിരിച്ചറിവുകള്‍ വളരെ പരിമിതമാണെന്ന് മുന്‍ലക്കങ്ങളിലൂടെ നാം കണ്ടുകഴിഞ്ഞു.

മനുഷ്യപ്രകൃതിയുടെ ചരിത്രപരമായ പരിമിതികള്‍ നിമിത്തം ഒരു പരിധിയില്‍ കവിഞ്ഞ്‌ അവന്‌ ദൈവത്തെ ദര്‍ശിക്കാനാവുന്നില്ല. സൃഷ്ടികര്‍മ്മത്തില്‍ ആരംഭിച്ച ദൈവത്തിന്റെ സ്വയംവെളിപ്പെടുത്തല്‍ പ്രക്രിയക്ക്‌ ആദിപാപത്താല്‍ മുറിവ്‌ സംഭവിച്ചു. ദൈവവും മനുഷ്യനും തമ്മിലുള്ള വ്യക്തിബന്ധത്തിന്‌ മനുഷ്യസ്വതന്ത്ര്യത്തിന്റെ ദുര്‍വിനിയോഗം നിമിത്തം വിള്ളലേറ്റു. സ്വന്തം ജീവന്റെ ഉറവിടത്തെക്കുറിച്ചും അസ്തിത്വത്തെക്കുറിച്ചും ജീവിതലക്ഷ്യത്തെക്കുറിച്ചും അവന്‍ ഒരു പരിധി വരെ അജ്ഞനായി. മനുഷ്യന്റെ ഈ നിസ്സഹായാവസ്ഥയില്‍ ദൈവം അവന്റെ തെറ്റുകളെ പരിഗണിക്കാതെ തന്റെ അനന്തമായ സ്നേഹത്താലും കാരുണ്യത്താലും അവന്‌ ഒരിക്കലും സങ്കല്‍പ്പിക്കാന്‍ പോലുമാവാത്ത ദൈവീകരഹസ്യങ്ങള്‍ ചരിത്രത്തിലൂടെ വെളിപ്പെടുത്തി. (തത്വശാസ്ത്രത്തിലൂടേയൊ അറിവിന്റെ മറ്റ്‌ മാര്‍ഗ്ഗങ്ങളിലൂടെയൊ ഈ യാഥാര്‍ത്ഥ്യങ്ങള്‍ മനുഷ്യന്‌ സ്വയം മനസ്സിലാക്കിയെടുക്കാമായിരുന്നെങ്കില്‍ ഇത്തരമൊരു വെളിപാടിന്റെ ആവശ്യമില്ലായിരുന്നു. അതേസമയം മേല്‍പറഞ്ഞ ദൈവത്തെക്കുറിച്ചുള്ള മനുഷ്യന്റെ സ്വഭാവികതിരിച്ചറിവുകള്‍ ഇത്തരം അതിസ്വഭാവികവെളിപ്പെടുത്തലുകള്‍ക്ക്‌ വിരുദ്ധമല്ല, മറിച്ച്‌ അദ്യത്തേതിന്റെ തുടര്‍ച്ചയാണ്‌ രണ്ടാമത്തേത്‌) അതീന്ദ്രിയമായ ഈ അറിവ്‌ ദൈവത്തിന്റെ സ്വയം വെളിപ്പെടുത്തലാണ്‌. ഈ അറിവ്‌ സിദ്ധിക്കുന്നതിലൂടെ മനുഷ്യന്‍ ഇന്ദ്രീയസത്യങ്ങളില്‍ നിന്നും അതീന്ദ്രീയജ്ഞാനത്തിന്റെ ഭാഗമായി മാറുന്നു. അതുകൊണ്ടുതന്നെ ദൈവം മനുഷ്യകുലത്തിനു നല്‍കുന്ന ഏറ്റവും ശ്രേഷ്ഠമായ സൗജന്യസമ്മാനമാണ്‌ ഈ സ്വയംവെളിപ്പെടുത്തല്‍ (gratuitous gift of God's self-communication).

മനുഷ്യര്‍ക്കായുള്ള ദൈവത്തിന്റെ ഈ 'സമ്മാനദാനം' എങ്ങനെയാണ്‌ നിര്‍വഹിക്കപ്പെട്ടതെന്ന് വിശുദ്ധഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നുണ്ട്‌. "പൂര്‍വ്വകാലങ്ങളില്‍ പ്രവാചകന്മാര്‍ വഴി വിവിധഘട്ടങ്ങളിലും വിവിധരീതികളിലും ദൈവം നമ്മുടെ പിതാക്കന്മാരോട്‌ സംസാരിച്ചിട്ടുണ്ട്‌. എന്നാല്‍ ഈ അവസാനനാളുകളില്‍ തന്റെ പുത്രന്‍ വഴി അവിടുന്ന് നമ്മോട്‌ സംസാരിച്ചിരിക്കുന്നു" (ഹെബ്രായര്‍ 1,1-2). അതായത്‌ ആരംഭത്തില്‍ ആദിമാതാപിതാക്കളിലൂടെയും പിന്നീട്‌ പൂര്‍വ്വപിതാക്കന്മാരായ അബ്രഹാം ഇസഹാക്ക്‌ യാക്കോബ്‌ എന്നിവരിലൂടേയും തുടര്‍ന്ന് തിരഞ്ഞെടുക്കപ്പെട്ട ഇസ്രായേല്‍ ജനതയിലൂടേയും പ്രത്യേകിച്ച്‌ മോശയിലൂടെ അവര്‍ക്ക്‌ നല്‍കപെട്ട നിയമങ്ങളിലൂടേയും മറ്റ്‌ പ്രവാചകരിലൂടെയും ദൈവം തന്നെ തന്നെ വെളിപ്പെടുത്തി. ഇപ്രകാരം പടിപടിയായി വിവിധകാലഘട്ടങ്ങളില്‍ വിവിധമാര്‍ഗ്ഗങ്ങളിലൂടെ സ്വയം വെളിപ്പെടുത്തിയ ദൈവം ഏറ്റവും ഒടുവില്‍ അവിടുത്തെ പദ്ധതിക്കും ബോധനശൈലിക്കും (Divine Pedagogy) അനുസരിച്ച്‌ എല്ലാറ്റിന്റേയും പൂര്‍ത്തികരണമായി സ്വപുത്രനായ യേശുക്രിസ്തുവിലൂടെ ലോകത്തിന്‌ മുഴുവനായും വെളിപ്പെടുന്നു.

ഒരു പൂമൊട്ട്‌ ഇതള്‍വിരിയുന്ന ലാവണ്യത്തോടെ, അവിടുത്തെ സാമിപ്യം സൗമ്യതയൊടെ മനുഷ്യകുലത്തിന്‌ പരിചിതമാക്കികൊണ്ട്‌ ദൈവികകൃപയില്‍ അവരെ ഒരുക്കി, മാനുഷികരീതികളിലൂടെ തന്നെ ദൈവം സ്വയം പ്രകാശിതനാവുന്നു. ഉദയസൂര്യനെ പോലെ ഇരുളില്‍ നേരിയ വെളിച്ചം പകര്‍ന്ന് സാവധാനം പ്രകാശത്തിന്റെ പൂര്‍ണ്ണതയിലേക്ക്‌, ഇതായിരുന്നു അവിടുത്തെ ബോധനശൈലി. ക്രിസ്തുവിലാണ്‌ ഈ ദൈവികപ്രകാശനം പൂര്‍ണ്ണമായും ദര്‍ശനീയമാകുന്നത്‌. ഇന്ദ്രിയങ്ങളിലൂടെ സംവദിക്കുന്ന മനുഷ്യന്‌ ഇന്ദ്രിയഗോചരനായി അവതരിച്ച ദൈവം. ഉന്നതങ്ങളിലെവിടേയൊ മനുഷ്യന്‌ അജ്ഞാതനായിരുന്ന ഒരു ദൈവം കുറച്ച്‌ രഹസ്യങ്ങള്‍ (Mysteries) കൈമാറുന്ന നിമിഷങ്ങളേക്കാളുപരി മനുഷ്യാവതാരത്തിലൂടെ ദൈവവും മനുഷ്യനും തമ്മിലുള്ള വ്യക്തിപരമായ ഒരു സ്നേഹസംഭാഷണമാണ്‌ (inter-personal dialogue) സാധ്യമായത്‌. ക്രിസ്തുവില്‍ പ്രകാശിതമായ ദൈവികവെളിപാടിന്റെ മാനുഷികാനുഭവത്തെ കുറിച്ച്‌ യോഹന്നാന്‍ ശ്ലീഹാ സാക്ഷ്യപ്പെടുത്തുന്നു, "ആദിമുതല്‍ ഉണ്ടായിരുന്നതും ഞങ്ങള്‍ കേട്ടതും സ്വന്തം കണ്ണു കണ്ടതും സൂക്ഷിച്ചുവീക്ഷിച്ചതും കൈകൊണ്ട്‌ സ്പര്‍ശിച്ചതുമായ ജീവന്റെ വചനത്തെപ്പറ്റി ഞങ്ങള്‍ അറിയിക്കുന്നു" (1 യോഹന്നാന്‍ 1,1-2). ദൈവികവെളിപാടിനെ ശ്രവിച്ച, ദര്‍ശിച്ച, തൊട്ടറിഞ്ഞ അനര്‍ഘനിമിഷങ്ങളാണ്‌ ക്രിസ്തുവില്‍ മനുഷ്യചരിത്രം വരവേറ്റത്‌. ദൈവത്തിന്‌ ഇതില്‍ കൂടുതലായൊന്നും മാനവകുലത്തിന്‌ വെളിപ്പെടുത്താനില്ല. ഇപ്രകാരം ദൈവികവെളിപാടിന്റെ പുരോഗമനോന്മുഖമായ അനാവരണം (progressive unveiling) എന്നന്നേക്കുമായി ക്രിസ്തുവിലൂടെ പൂര്‍ണ്ണമാവുന്നു.

ക്രിസ്തുവില്‍ പൂര്‍ത്തീകരിക്കപെട്ട ഈ വെളിപടിന്റെ പ്രധാന ഉള്ളടക്കം എന്തായിരുന്നു?തുടക്കത്തില്‍ സൂചിപ്പിച്ചതു പോലെ പാപത്തിന്റെ ബലഹീനതയാല്‍ ഉത്തരംകിട്ടാതെ ഉഴറുന്ന മനുഷ്യകുലത്തിന്റെ ചില അടിസ്ഥാന ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളും അവന്റെ ഈ നിസ്സഹയവസ്ഥയില്‍ നിന്നുള്ള വിമോചനമാര്‍ഗ്ഗമായ നിത്യരക്ഷയുമാണ്‌ അവിടുന്ന് വെളിപ്പെടുത്തിയത്‌. അതോടൊപ്പം ഈ രക്ഷാകരപദ്ധതിയുടെ പ്രകാശനത്തിലൂടെ ദൈവത്തിന്റെ തന്നെ അടിസ്ഥാന പ്രകൃതിയും വെളിപ്പെട്ടു. അതായത്‌ ദൈവം സ്നേഹമാകുന്നു എന്ന പരമയാഥാര്‍ത്ഥ്യം. അതേസമയം പ്രപഞ്ചത്തിലെ എല്ലാ സത്യങ്ങളും മനുഷ്യന്‌ വെളിപ്പെടുത്തപെട്ടിട്ടില്ല. അവന്റെ നിത്യരക്ഷക്ക്‌ അത്യാവശ്യമായ കാര്യങ്ങള്‍ മാത്രമാണ്‌ ദൈവം വെളിപെടുത്തിയത്‌. മറ്റൊരുവാക്കില്‍ ബൗദ്ധികവ്യാപാരങ്ങളിലൂടെ അവന്‌ കണ്ടെത്താനാവുന്ന മറ്റ്‌ ശാസ്ത്രസത്യങ്ങളും പുരോഗതികളും ഇവയില്‍ നിന്ന് തികച്ചും വ്യത്യസ്തമണ്‌, പ്രത്യേകിച്ച്‌ അതിന്റെ രീതിയിലും ഉള്ളടക്കത്തിലും.

ദൈവികവെളിപ്പെടുത്തലുകള്‍ കേവലം ഉദ്ബോധനം മാത്രമല്ല അതോടൊപ്പം ഫലദായകം കൂടിയാണ്‌. "ദൈവത്തിന്റെ വചനം സജീവവും ഊര്‍ജ്ജസ്വലവുമാണ്‌; ഇരുതലവാളിനേക്കാള്‍ മൂര്‍ച്ചയേറിയതും, ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചുകയറി ഹൃദയത്തിന്റെ വിചാരങ്ങളേയും നിയോഗങ്ങളേയും വിവേചിക്കുന്നതാണ്‌" (ഹെബ്രായര്‍ 4, 12). അതായത്‌ ദൈവം സംസാരിക്കുന്നു എന്നത്‌ കേവലമാനുഷികസംഭാഷണമായിട്ടല്ല മനസ്സിലാക്കേണ്ടത്‌. ഉദാഹരണത്തിന്‌ "വെളിച്ചം ഉണ്ടാവട്ടെ" എന്ന ദൈവചനം വെളിച്ചത്തെ സൃഷ്ടിക്കുന്നതുപോലെ ദൈവം സംസാരിക്കുന്നു എന്ന വസ്തുത തന്നെ മനുഷ്യനെ രക്ഷിക്കുകയും പരിവര്‍ത്തനം ചെയ്യുകയും ചെയ്യുന്നു.

ചുരുക്കത്തില്‍, ക്രൈസ്തവവിശ്വാസത്തിന്റെ ആദികാരണവും ഉള്ളടക്കവും ആയ ദൈവത്തിന്റെ സ്വയം വെളിപ്പെടുത്തലുകളെ കുറിച്ചാണ്‌ മുകളില്‍ വളരെ ചുരുക്കമായി പ്രതിപാദിച്ചത്‌. ഇപ്രകാരം തങ്ങളിലേക്ക്‌ കടന്നുവരുന്ന ദൈവത്തെ അംഗീകരിക്കലാണ്‌ ക്രൈസ്തവികത. ദൈവത്തെ തേടിയിറങ്ങിയ ഒരു സമൂഹത്തിന്റെ ചരിത്രമല്ല ക്രൈസ്തവവിശ്വാസികളുടേത്‌ മറിച്ച്‌, ദൈവം തേടിയിറങ്ങിയവരെ കുറിച്ചുള്ള ചരിത്രമാണത്‌. ദൈവത്തിന്റെ ഈ തിരഞ്ഞെടുക്കല്‍ യാതൊരു വിധത്തിലും അവരുടെ യോഗ്യതകള്‍ നിമിത്തമല്ല പ്രത്യുത ലോകരക്ഷക്കുള്ള മനുഷ്യയുക്തിക്കതീതമായ ദൈവികപദ്ധതിയുടെ പൂര്‍ത്തികരണത്തിനാണ്‌. ക്രിസ്തുവില്‍ ഒരിക്കല്‍ എല്ലാവര്‍ക്കുമായി പൂര്‍ത്തികരിക്കപെട്ട ദൈവത്തിന്റെ ഈ അന്വേഷണവും അഭിമുഖസംഭാഷണവും ചരിത്രത്തില്‍ ഇന്നും തുടരുന്നുണ്ട്‌. ഭൂമിയിലെ ഏറ്റവും ഒടുവിലത്തെ മനുഷ്യന്‍ വരെ ഈ വെളിപ്പെടുത്തലുകള്‍ കണ്ണിമുറിയാതെയെത്താന്‍ ക്രിസ്തു ആദ്യം സ്വശിഷ്യരെ ഭരമേല്‍പ്പിക്കുന്നു, പിന്നിട്‌ അവരിലൂടെ മറ്റ്‌ ശുശ്രൂഷകരിലേക്കും ഇത്‌ പകര്‍ന്ന് കൊടുക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. ദൈവികകൃപയോട്‌ സഹകരിച്ച്‌ ഇന്നത്തെ മനുഷ്യന്‍ ക്രിസ്തുവില്‍ വെളിപ്പെടുത്തപ്പെട്ട സനാതനസത്യങ്ങള്‍ കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കികൊണ്ടേയിരിക്കുന്നു. ഈ അര്‍ത്ഥത്തില്‍ (subjective illumination) ദൈവികവെളിപാട്‌ ഇന്നും തുടരുന്നു. മറ്റൊരുവാക്കില്‍ ചരിത്രത്തിന്റെ ഏടുകളില്‍ ഒരിക്കല്‍ എല്ലാം പറഞ്ഞവസാനിപ്പിച്ച ഒരു ദൈവമല്ല ക്രൈസ്തവവിശ്വാസിയുടേത്‌ അതിനുപരിയായി അന്നും ഇന്നും എന്നും അനുദിന യാതാര്‍ത്ഥ്യങ്ങളിലൂടെ സംവദിക്കുന്ന സജീവനും ജീവദായകനുമായ ദൈവമാണ്‌ അവന്റെ വിശ്വാസത്തിനാധാരം.

***ക്രിസ്തുകേന്ദ്രീകൃതമായ ഈ വെളിപാടനുഭവങ്ങളുടെ എഴുതപ്പെട്ട രൂപമായ വിശുദ്ധഗ്രന്ഥത്തെക്കുറിച്ചും അതിന്റെ തുടര്‍ച്ചയേക്കുറിച്ചും അടുത്ത ലക്കങ്ങളില്‍ തുടരാം.

Sunday, March 16, 2008

വിശ്വാസവും യുക്തിയും

ദൈവത്തില്‍ വിശ്വസിക്കുക എന്നാല്‍ തന്നെ തന്നെ പൂര്‍ണ്ണമായും ദൈവത്തിന്‌ സമര്‍പ്പിക്കുക എന്നാണ്‌ അര്‍ത്ഥമാക്കേണ്ടത്‌. മറ്റൊരുവാക്കില്‍, ഒരുവന്റെ വികാരത്തിലും വിചാരത്തിലും ഇച്ഛയിലും ആത്മവിലും നിന്ന് തുടിച്ചുയരുന്ന ഒരു യാഥാര്‍ത്ഥ്യമാണ്‌ വിശ്വാസം. ഈ വിശ്വാസത്തിന്‌ രണ്ട്‌ തലങ്ങളുണ്ട്‌; 1. എന്തില്‍ വിശ്വസിക്കുന്നു (the object of faith), 2. എങ്ങനെ വിശ്വസിക്കുന്നു (the act of faith).

ഒരു ക്രൈസ്തവനെ സംമ്പന്ധിച്ചിടത്തോളം 'എന്തില്‍ വിശ്വസിക്കുന്നു' അഥവാ വിശ്വാസത്തിന്റെ ഉള്ളടക്കം എന്നത്‌ ചരിത്രത്തിലൂടെ ദൈവം അവന്‌ വെളിപ്പെടുത്തിയ കാര്യങ്ങളാണ്‌. അവ വിശുദ്ധ ഗ്രന്ഥത്തിലൂടെയും പാരമ്പര്യങ്ങളിലൂടേയും സഭാനിര്‍വചനങ്ങളിലൂടേയും അവന്‍ തിരിച്ചറിയുന്നു. ഈ തിരിച്ചറിവുകള്‍ അവനില്‍ വിശ്വാസത്തിനു കാരണമാവുകയും അതിനനുസരിച്ച്‌ അവന്‍ പ്രത്യുത്തരിക്കുകയും ചെയ്യുന്നു. ഇവിടെയാണ്‌ രണ്ടാമത്തെ തലമായ 'എങ്ങനെ വിശ്വസിക്കുന്നു' എന്നത്‌ വിഷയമാകുന്നത്‌. വിശ്വാസത്തിന്റെ വൈവിധ്യങ്ങള്‍ക്കനുസരിച്ച്‌ വ്യത്യസ്ത്ഥമായ ആരാധനക്രമങ്ങളിലൂടേയും, ധാര്‍മ്മിക പ്രവര്‍ത്തികളിലൂടേയും ഈ വിശ്വാസമവന്‍ പ്രകടമാക്കുന്നു.

വിശ്വാസത്തിന്റെ ഒരു പ്രത്യേകത അതിന്റെ അനുക്രമമായ വളര്‍ച്ചയാണ്‌. കുറെ വിശ്വാസപ്രമാണങ്ങള്‍ മനസ്സിലാക്കുന്ന കേവല മതാത്മകതയേക്കാള്‍ ഉപരിയായി വിശ്വാസം ഒരുവനെ യഥാര്‍ത്ഥ അദ്ധ്യാത്മികതയിലേക്ക്‌ നയിക്കുന്നു. ക്രൈസ്തവവിശ്വാസമനുസരിച്ച്‌ ഈ വളര്‍ച്ച സ്വര്‍ഗ്ഗത്തില്‍ എത്തുന്നതു വരേയാണ്‌. സ്വര്‍ഗ്ഗത്തിലെത്തിയിട്ട്‌ ഞാന്‍ വിശ്വസിക്കാം എന്നാരെങ്കിലും പറയുന്നുണ്ടെങ്കില്‍ വിഡ്ഢിത്തരമാകും. കാരണം അവിടെ വിശ്വാസത്തിന്റെ ആവശ്യകതയില്ലല്ലോ. വിശ്വാസമൊരിക്കലും വിശ്വസിക്കുന്നവയെ ഉടനെ ദൃശ്യവത്ക്കരിക്കുന്നില്ല, അതുകൊണ്ടാണ്‌ ഭൂമിയില്‍ വിശ്വാസം ആവശ്യമായി വരുന്നത്‌. സ്വര്‍ഗ്ഗത്തിലെ മുഖാഭിമുഖദര്‍ശനത്തിന്‌ 'ഇടനിലക്കാരനായി' വിശ്വാസം വേണ്ടല്ലോ. അവിടെ സംശയങ്ങളൊ തെളിവുകളൊ ഉത്തരങ്ങളൊ ഇല്ല, നേരിട്ടുള്ള അനുഭവം മാത്രം. ഈ അനുഭവത്തിന്റെ ഒരു മുന്നാസ്വാദനമാണ്‌ വിശ്വാസജീവിതത്തിന്റെ വളര്‍ച്ചയിലൂടെ ഒരുവന്‍ സ്വന്തമാക്കുന്നത്‌.

വിശുദ്ധ തോമസ്സ്‌ അക്വിനാസ്‌ വിശ്വാസത്തെ നിര്‍വചിച്ചിരിക്കുന്നത്‌ "ദൈവകൃപയാല്‍ നയിക്കപ്പെടുന്ന ഇച്ഛാശക്തിയുടെ പ്രേരണയാല്‍ ബുദ്ധി ദൈവികസത്യത്തിലേക്ക്‌ ഉയരുന്ന പ്രവര്‍ത്തി ആയിട്ടാണ്‌." ഈ നിര്‍വചനം ദൈവകൃപയാണ്‌ വിശ്വാസത്തിന്റെ അടിസ്ഥാന കാരണം എന്ന് പറയുന്നതിനോടൊപ്പം അതില്‍ അടങ്ങിയിരിക്കുന്ന ഇച്ഛയുടേയും ബുദ്ധിയുടേയും പ്രധാനപങ്കിനേയും വെളിപ്പെടുത്തുന്നു. ഇച്ഛയും ബുദ്ധിയും യുക്തിയുടെ വ്യാപാരങ്ങളാണ്‌, അതായത്‌ ഒരല്‍പ്പമെങ്കിലും യുക്തിയുള്ളവനെ ഒരു വിശ്വാസി ആകാന്‍ കഴിയൂ. യഥാര്‍ത്ഥയുക്തി ഒരുവനെ വിശ്വാസത്തിലേക്ക്‌ ഒരുക്കുന്നു, പിന്നീട്‌ അതിനെ അവന്‌ യുക്തിപരമായി വിശ്വസനീയമാക്കുകയും ചെയ്യുന്നു. എന്നിരുന്നാലും ഈ വിശ്വസനീയതയല്ല വിശ്വാസത്തിന്റെ അടിസ്ഥാനം, മറിച്ച്‌ അതിന്റെ ഉറവിടവും പരമലക്ഷ്യവുമായ ദൈവമാണ്‌ അതിനാധാരം.

എല്ലാം യുക്തിസഹമായി പരിശോധിച്ചറിഞ്ഞിട്ടല്ല ഒരുവനില്‍ വിശ്വാസമുടലെടുക്കുന്നത്‌. മാനുഷിക തലത്തില്‍ ഒരു ഉദാഹരണമെടുത്താല്‍, ഒരുവന്‍ മറ്റൊരാളില്‍ വിശ്വാസമര്‍പ്പിക്കുന്നു എന്നതിനര്‍ത്ഥം അവന്‍ അതിനുള്ള എല്ലാ തെളിവുകളും സ്വന്തമാക്കി എന്നല്ല, ആണെങ്കില്‍ അവന്‍ അത്രയും കുറച്ചെ അവനെ വിശ്വസിച്ചിരുന്നൊള്ളൂ മനസ്സിലാക്കണം, മറിച്ച്‌ അവനെക്കുറിച്ചുള്ള പരിമിതമായ തിരിച്ചറിവുകളില്‍ നിന്ന് അവനില്‍ ഉറപ്പ്‌ കണ്ടെത്തുകയാണ്‌. എന്നുവച്ച്‌ ഞാന്‍ വിശ്വസിക്കുന്നതിനെ ബുദ്ധിപരമായി മനസ്സിലാക്കാന്‍ പരിശ്രമിക്കുന്നതിലൂടെ ഒരിക്കലും എന്റെ വിശ്വാസത്തിന്‌ കുറവ്‌ സംഭവിക്കുന്നില്ല, മറിച്ച്‌ അത്‌ എന്നെ കൂടുതല്‍ വിശ്വാസിയാക്കുന്നു അഥവാ എന്റെ വിശ്വാസത്തിന്‌ കൂടുതല്‍ ഉറപ്പ്‌ നല്‍കുന്നു. തുടക്കത്തില്‍ സൂചിപ്പിച്ച വിശ്വാസത്തിലെ വൈകാരിക തലം എല്ലായ്‌പ്പോഴും അനുഭവപെടില്ലെങ്കിലും യുക്തിയിലൂടെയുള്ള ഈ വിശ്വാസം എല്ലായ്‌പ്പോഴും നിലനില്‍ക്കും.

മേല്‍പ്പറഞ്ഞതില്‍ നിന്ന് വിശ്വാസവും യുക്തിയും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു എന്നു മനസ്സിലാക്കാം. വിശ്വാസം ഒരിക്കലും യുക്തിയെ നിശബ്ദമാക്കുന്നില്ല, ഒരു വിശ്വാസിയും വിശ്വസിച്ച്‌ തുടങ്ങിയപ്പോള്‍ ചിന്തിക്കാനുള്ള തന്റെ കഴിവ്‌ നഷ്ടപ്പെടുത്തിയിട്ടില്ല. മറിച്ച്‌ കൂടുതല്‍ ഔന്നത്യങ്ങളിലേക്ക്‌ അവന്റെ ചിന്താശേഷി മിഴി തുറക്കുകയാണ്‌ ചെയ്തത്‌. അതായത്‌ വിശ്വാസവും യുക്തിയും പരസ്പര പൂരകങ്ങളാണ്‌, വിശ്വാസം യുക്തിയാല്‍ ശക്തിയാര്‍ജ്ജിക്കുകയും യുക്തി വിശ്വാസത്താല്‍ പൂര്‍ണ്ണമാക്കപ്പെടുകയും ചെയ്യുന്നു. യുക്തി പ്രധാനമായും പ്രകൃതിസത്യങ്ങളേയാണ്‌ അന്വേഷിക്കുന്നതെങ്കില്‍ വിശ്വാസം യുക്തിക്കുപരിയായ അതീന്ദ്രിയ സത്യങ്ങളെ തിരിച്ചറിയാന്‍ സഹായിക്കുന്നു. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 'വിശ്വാസവും യുക്തിയും' എന്ന ചാക്രിക ലേഖനത്തില്‍ എഴുതിയതുപോലെ ദൈവികസത്യത്തിലേക്ക്‌ മനുഷ്യത്മാവിനെ ഉയര്‍ത്തുന്ന രണ്ട്‌ ചിറകുകള്‍ പോലെയാണ്‌ വിശ്വാസവും യുക്തിയും. അതായത്‌ ഇവ രണ്ടും ഒരേ സത്യത്തിലേക്കാണ്‌ അത്യന്തികമായി മനുഷ്യനെ നയിക്കുന്നത്‌. മറ്റൊരര്‍ത്ഥത്തില്‍ വിശ്വാസത്തിനും യുക്തിക്കും പരസ്പരപൂരകമായി വര്‍ത്തിച്ചില്ലെങ്കില്‍ അവക്ക്‌ ഏറെ പരിമിതികളുണ്ട്‌.

ക്രൈസ്തവവിശ്വാസമനുസരിച്ച്‌ ആദിപാപത്താല്‍ യുക്തിയുടെ ശരിയായ പ്രവര്‍ത്തനത്തിന്‌ തകരാറുകള്‍ സംഭവിച്ചിട്ടുണ്ട്‌. ആയതിനാല്‍ യാഥാര്‍ത്ഥ്യങ്ങള്‍ അതിന്റെ സമഗ്രതയില്‍ കാണാന്‍ കഴിയാതെ വരുന്നു. കുറവുകളുള്ള ഈ യുക്തി മിക്കപ്പോഴും കാണാന്‍ ആഗ്രഹിക്കുന്നതു മാത്രം കാണുകയും മറ്റുചിലപ്പോള്‍ കാണാതിരിക്കാനായി ചോദ്യങ്ങള്‍ മാത്രം ചോദിച്ചു കൊണ്ടേയിരിക്കുകയും ചെയ്യുന്നു. ലോകത്തിന്റെ ഭ്രമിപ്പിക്കുന്ന ചിത്രങ്ങളും മിഥ്യാസങ്കല്‍പ്പങ്ങളും മുന്‍വിധികളും ശരീരത്തിന്റെ അമിതമായ തൃഷ്‌ണകളും എല്ലാം യുക്തിയുടെ നേര്‍കാഴ്ചയെ തടസ്സപ്പെടുത്തുന്നുണ്ട്‌. എന്നിരുന്നാലും വിശ്വാസവും യുക്തിയും പരസ്പരം കൈകോര്‍ക്കുമ്പോള്‍ വിശ്വാസം യുക്തിയെ ഈ പരിമിതികളില്‍ നിന്ന് മോചിപ്പിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്യുന്നു.അതുവഴി ഒരുവന്‍ യഥാര്‍ത്ഥസത്യത്തിലേക്ക്‌ ആനയിക്കപ്പെടുന്നു.

ചുരുക്കത്തില്‍ വിശ്വാസമില്ലാത്ത യുക്തി അപൂര്‍ണ്ണവും യുക്തിയില്ലാത്ത വിശ്വാസവും അപകടകരവുമാണ്‌. ഇവ അനുക്രമം അധാര്‍മ്മികതയിലേക്കും അന്ധവിശ്വാസങ്ങളിലേക്കും വഴിതെളിക്കും. ഇത്തരത്തിലുള്ള നിരവധി 'അക്രമങ്ങളും' രക്തചൊരിച്ചിലുകളും ചരിത്രം സക്ഷ്യപ്പെടുത്തുന്നുണ്ട്‌. മനുഷ്യന്റെ ശാശ്വതശാന്തിക്കും അത്യന്തികലക്ഷ്യപ്രാപ്തിക്കും ഉള്ള ഒരേയൊരു മാര്‍ഗ്ഗം വിശ്വസത്തിന്റേയും യുക്തിയുടേയും ഏകോപനമാണ്‌. സത്യങ്ങള്‍ തിരിച്ചറിയാന്‍ മനുഷ്യനെ സഹായിക്കുന്ന ഇവ രണ്ടിന്റേയും ഉറവിടം ഏകദൈവമായതിനാല്‍ ഇവക്ക്‌ പരസ്പ്പരം വൈരുദ്ധ്യാത്മകമായി പ്രവര്‍ത്തിക്കാന്‍ കഴിയുകയില്ല. ഇനി അവ പരസ്പര വിരുദ്ധമായി കാണപ്പെടുന്നുണ്ടെങ്കില്‍ അവ ചൂണ്ടികാണിക്കുന്ന പരമസത്യത്തെ ദര്‍ശിച്ചിട്ടില്ല എന്ന് മനസ്സിലാക്കണം, പലപ്പോഴും ഇതാണ്‌ സംഭവിക്കുന്നത്‌. ഉദാഹരണത്തിന്‌ ചന്ദ്രനെ ചൂണ്ടികാണിക്കുന്ന കൈവിരലുകള്‍ ചന്ദ്രനാണെന്ന് തെറ്റിദ്ധരിച്ചാല്‍ എങ്ങനെയിരിക്കും? അതേസമയം ഈ കൈവിരലുകള്‍ യഥാര്‍ത്ഥ കാഴ്ച്ചയിലേക്ക്‌ ഒരുവനെ നയിക്കുന്നതിന്‌ അത്യന്താപേക്ഷിതമാണ്‌. അതിന്‌ നമ്മെ സഹായിക്കുന്ന, പരമസത്യത്തെ ചൂണ്ടികാണിക്കുന്ന, വിശ്വസനീയമായ വിശ്വാസത്തിന്റെ ഉളളടക്കത്തിലേക്ക്‌ അടുത്ത ലക്കത്തിലൂടെ പ്രവേശിക്കാം.

Thursday, February 28, 2008

ദൈവത്തെ തേടി യുക്തിപൂര്‍വ്വം

മനുഷ്യചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെട്ടതും ഏഴുതപ്പെട്ടതും ദൈവത്തെക്കുറിച്ച്‌ ആവാന്‍ കാരണമെന്താണ്‌? മനുഷ്യന്റെ അന്തരാത്മാവില്‍ മുദ്രണം ചെയ്യപ്പെട്ടിട്ടുള്ള ഒരു യാഥാര്‍ത്ഥ്യമായി എന്നും ഈ സത്യം അനുഭവപ്പെടുന്നതുകൊണ്ടല്ലേ! ദൈവാവബോധം ഇല്ലാതിരുന്ന ഒരു പ്രാചീനഗോത്രത്തേയും ഇന്നുവരെ കണ്ടെത്തിയിട്ടില്ല എന്ന് സാമുഹ്യശാസ്ത്രഞ്ജരും നരവംശ-ശാസ്ത്രഞ്ജരും സാക്ഷ്യപ്പെടുത്തുന്നു. മനുഷ്യന്റെ ഉണ്മയില്‍ നിന്ന് ഈ തിരിച്ചറിവിനെ വേര്‍തിരിക്കാനാവാത്തതു കൊണ്ടാവാം ഇതിനോടുള്ള മല്‍പ്പിടുത്തങ്ങള്‍ വിവിധരീതികളില്‍ ചരിത്രം രേഖപ്പെടുത്തിയത്‌. ദൈവമെന്ന യാഥാര്‍ത്ഥ്യത്തോട്‌ നിഷേധാത്മകമായും മറിച്ചും പ്രതികരിച്ചവര്‍ നിരവധിയാണ്‌. എങ്കിലും വാക്കുകൊണ്ടും ജീവിതം കൊണ്ടും ദൈവം ഉണ്ട്‌ എന്ന് സമര്‍ത്ഥിച്ചവരാണ്‌ ഭൂരിഭാഗവും. പ്രവാചകര്‍, ഋഷിമാര്‍, വിശുദ്ധര്‍, വിഞ്ജാനികള്‍, ചിന്തകര്‍, ശാസ്ത്രഞ്ജര്‍, പാമരര്‍ എന്നിവരടങ്ങുന്ന ഈ നിര ഇന്നും തുടരുന്നു.

ദൈവാസ്തിത്വം യുക്തിസഹമായി തെളിയിക്കാന്‍ ചിന്തകര്‍ വിവിധ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാറുണ്ട്‌. ഇവയില്‍ കൂടുതല്‍ ലളിതവും സ്വീകാര്യവുമായി കാണപ്പെട്ടിരിക്കുന്നത്‌ നമുക്ക്‌ ചുറ്റുമുള്ള ഈ പ്രപഞ്ചത്തിന്റേയും നമ്മുടെതന്നേയും സവിശേഷതകള്‍ വിശകലനം ചെയ്ത്‌, ഇത്തരം യാഥാര്‍ത്ഥ്യങ്ങള്‍ ദൈവത്തെ കൂടാതെ ഉണ്ടാവുക സാധ്യമല്ല എന്ന് തെളിയിക്കുന്ന രീതിയാണ്‌. അതായത്‌ 'കാര്യത്തില്‍ നിന്ന് കാരണക്കാരനിലേക്കുള്ള യാത്ര'. ഈ കാരണക്കാരന്‍ മനുഷ്യന്റെ ഇന്ദ്രിയങ്ങള്‍ക്കും കാണപ്പെടുന്നവയ്ക്കും അതീതനായാലും, ഇവയിലൂടെ മാത്രമെ ഒരുവന്‌ യുക്തിസഹമായി ആ യാഥാര്‍ത്ഥ്യത്തെക്കുറിച്ച്‌ ചിന്തിക്കാനും വിവരിക്കാനും കഴിയുകയൊള്ളു. തോമസ്സ്‌ അക്വിനാസിന്റെ ദൈവാസ്തിത്വം തെളിയിക്കുന്നതിനുള്ള അഞ്ച്‌ മാര്‍ഗ്ഗങ്ങള്‍ ഇത്തരത്തില്‍ വളരെ പ്രസിദ്ധമാണ്‌ (ഇവിടെ വായിക്കുക).

ഈ പ്രപഞ്ചം അതിനാല്‍ തന്നെ മനുഷ്യബുദ്ധിക്ക്‌ അഗ്രാഹ്യമാണ്‌. എങ്കിലും പ്രപഞ്ചത്തില്‍ നിറഞ്ഞു നില്‍ക്കുന്ന സൗന്ദര്യവും ക്രമവും കൃത്യതയും ഐക്യവും പാരസ്‌പരികതയുമെല്ലാം ഇതിനുപരിയായ ഒരു പരമസത്യത്തിലേക്ക്‌ അവനെ നയിക്കുന്നുണ്ട്‌. തീര്‍ച്ചയായും അവനല്ല ഈ യാഥാര്‍ത്ഥ്യങ്ങളൊ സൗന്ദര്യസങ്കല്‍പ്പങ്ങളൊ സൃഷ്ടിച്ചെടുത്തത്‌. ഒരു കൊച്ചുകുട്ടി പൂവിനെയൊ പൂമ്പാറ്റയെയൊ കാണുമ്പോള്‍ 'ഹായ്‌' എന്ന് പ്രതികരിക്കുന്നത്‌ അവനെ ആരും പറഞ്ഞു പഠിപ്പിച്ചിട്ടല്ല, മറിച്ച്‌ അവന്റെ വളര്‍ച്ചയ്ക്കനുസരിച്ച്‌ ഈ സത്യങ്ങള്‍ അവനിലൂടെ തന്നെ ഇതള്‍വിരിയുന്നതുകൊണ്ടാണ്‌. ആധുനിക ശാസ്ത്രത്തിന്റെ സഹായത്തോടെ ഈ പ്രപഞ്ചത്തിലേയ്ക്ക്‌ മിഴിതുറന്നാല്‍ ഇവയെല്ലാം കൂടുതല്‍ വ്യക്തമാണ്‌. ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റീന്‍ പറഞ്ഞിട്ടുണ്ട്‌, ഗൗരവമായ ശാസ്ത്രീയാന്വോഷണങ്ങളില്‍ മുഴുകിയിരിക്കുന്നവര്‍ മാത്രമാണ്‌ ഈ ഭൗതികയുഗത്തില്‍ അഗാധമായ മതാത്മകതയുള്ളവര്‍ എന്ന്.

മനുഷ്യമനസ്സിന്റെ ഉള്ളറകളിലേക്ക്‌ കടന്നുചെന്നാലും അവന്‌ അതീതമായ യാഥാര്‍ത്ഥ്യങ്ങളിലേക്കാണ്‌ ഒരുവന്‍ നയിക്കപ്പെടുന്നത്‌. ശരിയും തെറ്റും വിവേചിച്ചു മുന്നറിയിപ്പു നല്‍കുന്ന മനസാക്ഷിയുടെ സ്വരം അവന്റെ വ്യക്തിത്വത്തിന്‌ ഉപരിയായ ദൈവികമനസ്സിലേക്ക്‌ വിരല്‍ ചൂണ്ടുന്നു. ഈ മനസാക്ഷിയെ സൃഷ്ടിച്ചെടുക്കാനൊ നശിപ്പിക്കാനൊ അവന്‌ സാധിക്കുന്നുമില്ല. മറിച്ച്‌ അവന്റെ സ്വാതന്ത്ര്യത്താല്‍ ഈ മുന്നറിയിപ്പുകളെ അനുസരിക്കാനൊ നിഷേധിക്കാനൊ മാത്രമെ കഴിയുന്നൊള്ളു. ഈ സ്വരത്തിന്റെ തുടര്‍ച്ചയെന്നവണ്ണം അവനെപ്പോഴും സന്തോഷത്തിനും പൂര്‍ണ്ണതയ്ക്കും വേണ്ടി കൊതിക്കുന്നവനാണ്‌. ഏറ്റവും നന്മയായിട്ടുള്ളതാണ്‌ (summum bonum) അവന്റെ ആത്യന്തിക ലക്ഷ്യം. അത്‌ സ്വന്തമാക്കാനുള്ള പരിശ്രമങ്ങള്‍ പോലും അവനെ സന്തോഷഭരിതനാക്കുന്നു (ദാനധര്‍മ്മങ്ങള്‍, ഭക്താനുഷ്ഠാനങ്ങള്‍ എന്നിവയില്‍ നിന്നുളവാകാവുന്ന കേവല മാനസ്സിക സംതൃപ്തിയല്ല ഇവിടെ ഉദ്ദേശിക്കുന്നത്‌). എന്നാലും പരിമിതമായ ഒരു വസ്തുവും അവനെ പുര്‍ണ്ണമായി സന്തോഷിപ്പിക്കുന്നില്ല. അപരിമേയനിലേക്ക്‌ അവനെപ്പോഴും വെമ്പി നില്‍ക്കുകയാണ്‌. വി. അഗസ്റ്റിന്‍ എഴുതിയതു പോലെ, അവന്റെ ഹൃദയം ദൈവത്തില്‍ വിലയം പ്രാപിക്കുന്നതുവരെ അസ്വസ്ഥമാണ്‌. അതിന്‌ മുന്നോടിയായി ഈ സത്യത്തെ സ്നേഹിക്കാനും ആരാധിക്കാനും അവിടുത്തെ ശുശ്രൂഷകനാവാനുമുള്ള താത്‌പര്യം മനുഷ്യര്‍ എന്നും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌. ഇവരില്‍ എടുത്ത്‌ പറയേണ്ടവരാണ്‌ മതാത്മകമായി 'മിസ്റ്റിക്കല്‍' അനുഭവങ്ങളിലൂടെ കടന്നുപോയവര്‍.

ബുദ്ധിമാനായ ഒരുവന്‍ തുടര്‍ച്ചയായി ധ്യാന നിരതനാവുന്നെങ്കില്‍ അതിന്‌ കാരണം മറ്റെന്തിനേക്കാളും ആ നിമിഷങ്ങള്‍ ശ്രേഷ്ഠമായി അവന്‌ അനുഭവപ്പെടുന്നതുകൊണ്ടല്ലെ! ഉപരിപ്ലവങ്ങളായ കാര്യങ്ങള്‍ക്കപ്പുറം ആഴങ്ങളും അര്‍ത്ഥങ്ങളും ആ നിമിഷങ്ങളില്‍ അവന്‍ തിരിച്ചറിയുന്നുണ്ടാവണം. ഇത്‌ കേവലം വ്യക്തിപരവും ഒറ്റപ്പെട്ടതുമായ അനുഭവങ്ങളായി (subjective experience) പറഞ്ഞ്‌ തള്ളാനാവില്ല. കാരണം മിസ്റ്റിക്ക്‌ അനുഭവങ്ങളിലൂടെ കടന്നുപോയവരുടെ പൊതുവായ സവിശേഷതകളും അവരുടെ തന്നെ ജീവിതമാതൃകയും ഇതിന്‌ ആധികാരികത നല്‍കുന്നുണ്ട്‌. അപരിനിലെ പരിശുദ്ധിയേയും ദൈവികസാന്നിധ്യത്തേയും കുറിച്ചുള്ള അവരുടെ തിരിച്ചറിവുകള്‍ ശ്രദ്ധേയമാണ്‌. ഏറ്റവും ശ്രേഷ്‌ഠമായ അനുഭവമായി അവരെല്ലാം സാക്ഷ്യപ്പെടുത്തുന്നത്‌ ദൈവികതയില്‍ ലയിച്ച്‌ ഒന്നായിതീരുന്നതാണ്‌. അത്തരം അനുഭവങ്ങളാല്‍ അവര്‍ ശാശ്വതമായ സന്തോഷവും സമാധാനവും ഉള്ളവരായി കാണപ്പെടുന്നു.

മേല്‍പറഞ്ഞവയൊന്നും തര്‍ക്കങ്ങള്‍ക്ക്‌ അതീതമല്ല. പക്ഷെ ഇവയെല്ലാം കൂടുതല്‍ വിശ്വസനീയത നമുക്ക്‌ പകര്‍ന്ന് നല്‍കികൊണ്ട്‌ ഒരു ബിന്ദുവിലേക്ക്‌ നമ്മെ നയിക്കുന്നു, അവര്‍ണ്ണനീയമായ ദൈവമെന്ന നിത്യസത്യത്തിലേക്ക്‌. റസ്സല്‍ എന്ന തത്വചിന്തകന്‍ എഴുതിയതു പോലെ, ആരും ദൈവത്തെ ജയിച്ചവരായി കാണപ്പെട്ടിട്ടില്ല. കാരണം ആരൊക്കെ ദൈവം ഉണ്ട്‌ എന്ന് തെളിയിക്കാന്‍ പരിശ്രമിച്ചിട്ടുണ്ടൊ അവരൊക്കെ പരാജയപ്പെട്ടിരിക്കുന്നു, ആരൊക്കെ ഇതേ സത്യം നിഷേധിക്കാന്‍ പരിശ്രമിച്ചിട്ടുണ്ടൊ അവരും. ദൈവം അന്നും ഇന്നും എന്നും മനുഷ്യബുദ്ധിക്ക്‌ അതീതനായി തുടരുന്നു.

മനുഷ്യന്റെ ഈ നിസ്സഹായാവസ്ഥയില്‍ തന്നെത്തന്നെ വെളിപ്പെടുത്തുന്ന ഒരു ദൈവത്തെ നമുക്ക്‌ ദര്‍ശിക്കാനാവും. ഇതും പൂര്‍ണ്ണമായ ഒരു കാഴ്ചയല്ലാ മറിച്ച്‌ വി. പൗലോസ്‌ എഴുതിയതുപോലെ, "ഇപ്പോള്‍ നിങ്ങള്‍ കണ്ണാടിയിലൂടെയെന്ന വണ്ണം അവ്യക്തമായി കാണുന്നു..." പരിമിതമായ ഈ ദൈവികദര്‍ശനം വിശ്വാസത്താല്‍ പ്രകാശിതമായ യുക്തികൊണ്ട്‌ മാത്രമെ സാധ്യമാവൂ. ഈ ദര്‍ശനത്തെക്കുറിച്ച്‌ അടുത്തലക്കത്തില്‍ തുടരാം.

Thursday, February 14, 2008

ദൈവശാസ്ത്രം വിശ്വാസത്തില്‍ ആരംഭിക്കുന്നു

ദൈവശാസ്‌ത്രമെന്നാല്‍ ദൈവത്തെക്കുറിച്ചുള്ള സംഭാഷണമെന്ന് ലളിതമായി പറയാം. പക്ഷെ ദൈവമില്ല എന്ന നിലപാടുള്ളവരോട്‌ ഇത്തരമൊരു സംഭാഷണം സാധ്യമാണോ? ഇനി, ദൈവമുണ്ടെന്ന് വിശ്വസിക്കുന്നവര്‍ക്ക്‌ മറ്റു കാര്യങ്ങളെക്കുറിച്ച്‌ പറയുന്നതുപോലെ തങ്ങള്‍ വിശ്വസിക്കുന്ന ദൈവത്തെക്കുറിച്ച്‌ വിവരിക്കാനാവുമോ?

ദൈവാസ്തിത്വത്തെ അടിസ്ഥാനമാക്കി പ്രധാനമായും മൂന്ന് വാദങ്ങളാണ്‌ നിലവിലുള്ളത്‌, i. നിരീശ്വരവാദം (Atheism) ii. അഞ്ജേയവാദം (Agnosticism) iii. ഈശ്വരവാദം (Theism).

i. നിരീശ്വരവാദം: ഇവരില്‍ പെടുത്താവുന്നവരാണ്‌; Albert Camus, Karl Marx, Friedrich Nietzsche, Sigmund Freud തുടങ്ങിയവര്‍, ഇവര്‍ക്കെല്ലാം ദൈവനിഷേധത്തിന്റെ കാരണങ്ങള്‍ പലതാണ്‌. ചിലര്‍ക്ക്‌ ഈ ലോകത്തില്‍ നിലനില്‍ക്കുന്ന നിരവധിയായ തിന്മകളും, കാര്യകാരണങ്ങളില്ലാത്ത ദുഃഖദുരിതങ്ങളും അനീതിയും മൂലം നല്ലവനും സ്നേഹപൂര്‍ണ്ണനുമായ ഒരു ദൈവത്തെക്കുറിച്ച്‌ ചിന്തിക്കുക പോലും സാധ്യമല്ലത്രേ. മറ്റുചിലര്‍ക്ക്‌ ദൈവമെന്നത്‌ പാവങ്ങളെ തെറ്റിദ്ധരിപ്പിച്ച്‌ ചൂഷണം ചെയ്യുന്നതിനു വേണ്ടി മതങ്ങളാലും അധികാരികളാലും സൃഷ്ടിക്കപ്പെട്ട ഒരു മിഥ്യയായ സങ്കല്‍പ്പമാണ്‌. വേറെ ചിലര്‍ക്ക്‌ സ്നേഹം, സുരക്ഷിതത്വം പോലുള്ള ചില അടിസ്ഥാന ആവശ്യങ്ങള്‍ക്കുള്ള മനുഷ്യമനസ്സിന്റെ പ്രതിവിധിയണ്‌ ദൈവം.

ii. അഞ്ജേയവാദം: ഇവര്‍ ലളിതമായി പറയും, ദൈവം ഉണ്ടോ ഇല്ലയോ എന്ന് തങ്ങള്‍ക്കറിയില്ല, എന്തുതന്നെയായാലും ഈ ലോകം ഇങ്ങനെയൊക്കെ തന്നെ മുന്നോട്ട്‌ പോകും എന്ന്. ഭാരതത്തിലെ ചാര്‍വാകരും തേരവാദ ബുദ്ധമതക്കാരും ഈ ഗണത്തില്‍പ്പെടുത്താവുന്നവരാണ്‌.

iii. ഈശ്വരവാദം: ഇവരിലുമുണ്ട്‌ ചില വ്യത്യസ്‌തതകള്‍. ചിലര്‍ ഏകദൈവത്തില്‍ വിശ്വസിക്കുന്നു, മറ്റുചിലര്‍ നാനാദൈവങ്ങളില്‍ വിശ്വസിക്കുന്നു. അദ്യഗണത്തില്‍ പെട്ടവരില്‍ ചിലര്‍ക്ക്‌ ദൈവം ഈ പ്രപഞ്ചത്തിന്റെ ഉത്‌ഭവകാരണവും മനുഷ്യന്റെ അത്യന്തിക ലക്ഷ്യവും ആയ ഒരു വ്യക്തിയാണെങ്കില്‍ മറ്റുള്ളവര്‍ക്ക്‌ ദൈവം സര്‍വ്വശക്തനാണ്‌, സര്‍വ്വജ്ഞാനിയാണ്‌, പരംപൊരുളാണ്‌, പരമചൈതന്യമാണ്‌. ഇവയെല്ലാം വളരെ സങ്കീര്‍ണ്ണമായ വിഭജനങ്ങളാണ്‌. അവയിലേക്ക്‌ കടക്കാതെ തന്നെ വിഷയത്തിലേക്ക്‌ പ്രവേശിക്കാം. അതായത്‌ ഈ ദൈവവിശ്വാസികള്‍ക്ക്‌ ദൈവത്തെക്കുറിച്ച്‌ മറ്റു കാര്യങ്ങളെ പോലെ സംസാരിക്കുക സാധ്യമാണോ എന്ന്. ഒരു വിശ്വാസി എന്ന തലത്തില്‍ നിന്ന് കൊണ്ട്‌ ബോധ്യത്തോടെ പറയുന്നു, സാധ്യമാണ്‌; പക്ഷെ ദൈവമെന്ന യാഥാര്‍ത്ഥ്യത്തെ സംബന്ധിച്ചിടത്തോളം വളരെ പരിമിതമായി മാത്രം. കാരണം ദൈവം മനുഷ്യന്റെ ചിന്തക്കും ഭാഷക്കും അതീതനായതു കൊണ്ട്‌ തന്നെ.

മനുഷ്യതിരിച്ചറിവുകളുടെ വിവിധ സംവിധാനങ്ങളില്‍ ഒതുങ്ങുന്ന പരിമിതനല്ല അപരിമേയനായ ദൈവം. അതായത്‌ നാം ഇന്ദ്രിയങ്ങള്‍ കൊണ്ട്‌ അനുഭവിച്ചറിഞ്ഞ്‌ വിവരിക്കുന്ന മറ്റുവസ്തുക്കളുടെ ഗണത്തിലേക്കോ വിവരണരീതികളിലേക്കൊ ദൈവത്തെ ചുരുക്കാനവില്ല എന്നര്‍ത്ഥം. എന്നിരുന്നാലും ദൈവമാണ്‌ സര്‍വ്വപ്രപഞ്ചത്തിന്റെയും സൃഷ്ടാവെങ്കില്‍ സൃഷ്ടിക്കപ്പെട്ടവയ്ക്‌ സൃഷ്ടാവുമായി സാദൃശ്യം ഉണ്ടാവേണ്ടതല്ലേ?. എന്നുവച്ചാല്‍ ഈ പ്രപഞ്ചത്തില്‍ നിന്ന് തന്നെയാണ്‌ ദൈവത്തിലേക്കുള്ള അഥവാ ദൈവത്തെക്കുറിച്ചുള്ള സംഭാഷണത്തിന്റെ ആരംഭം. വിശ്വാസിക്കു ചുറ്റുമുള്ള ലോകത്തില്‍ ഈ ദൈവം വിവിധ രീതികളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്‌, അത്‌ അവന്‌ അനുഭവവേദ്യമാണ്‌. അപുര്‍ണ്ണമായാണെങ്കിലും ചരിത്രവും കാലത്തിന്റെ മറ്റ്‌ യാഥാര്‍ത്ഥ്യങ്ങളും ഈ അനുഭവങ്ങളും തിരിച്ചറിവുകളും വിവിധ രീതികളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌, അവയെല്ലാം തലമുറകളിലേക്ക്‌ കൈമാറപ്പെടുന്നുണ്ട്‌. മനുഷ്യന്റെ വിവിധ തലങ്ങളിലുള്ള പുരോഗതിയും മാറിവരുന്ന കാഴ്ചപ്പാടുകളും ഈ കൈമാറ്റപ്പെടുന്ന തിരിച്ചറിവുകളേയും അവന്റെ തന്നെ അനുഭവങ്ങളേയും സ്വാധീനിക്കുന്നുണ്ട്‌, അത്‌ അധുനിക ശാസ്ത്രമാകാം, മറ്റ്‌ സാമൂഹികമാറ്റങ്ങളാവാം. എന്തുതന്നെയാലും ഇതെല്ലാം അവന്‌ ദൈവത്തെക്കുറിച്ചറിയുന്നതിന്‌, സംസാരിക്കുന്നതിന്‌ കൂടുതല്‍ വ്യക്തത നല്‍കുന്നു, ദൈവത്തിലേക്ക്‌ അവനെ കൂടുതല്‍ അടുപ്പിക്കുന്നു.

മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ദൈവത്തെക്കുറിച്ച്‌ ഒരുവന്‌ പറഞ്ഞുതുടങ്ങണമെങ്കില്‍ എന്തെങ്കിലും തരത്തിലുള്ള ഒരു ദൈവാനുഭവം വേണം. ഇവിടെയാണ്‌ പലരും അതിരുകടന്ന് ദൈവനിഷേധം നടത്തുന്നത്‌ എന്ന് തോന്നുന്നു. മറ്റുവസ്തുക്കളെ അവര്‍ തൊട്ടറിയുന്നതു പോലെ ദൈവത്തെയും തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ വിശ്വാസിയാകാം എന്നു പറയുന്നവരാണിവര്‍. സൃഷ്ടവസ്തുക്കളുടെ ഗണത്തിലേക്ക്‌ ദൈവത്തെ ഇവര്‍ ഒരുപാട്‌ ചെറുതാക്കുന്നു. ഒരു വിശ്വാസിക്ക്‌ അവന്റെ പരിമിതമായ തിരിച്ചറിവു മതി വാചാലനാവാന്‍. സര്‍വ്വശക്തനായ ദൈവത്താല്‍ 'സ്പര്‍ശിക്കപ്പെടുന്ന' ചില അമൂല്ല്യ നിമിഷങ്ങള്‍, അവര്‍ണ്ണനീയമായ ഈ രഹസ്യങ്ങള്‍ അവന്‍ തനതായ ഭാഷയിലൂടെ, വ്യക്തമായി പറഞ്ഞാല്‍ 'വിശ്വാസത്തിന്റെ ഭാഷയിലൂടെ' പങ്കുവയ്ക്കുന്നു. അതുകൊണ്ടുതന്നെ അതേ വിശ്വാസത്തിന്റെ ഭാഷ തിരിച്ചറിയുന്നവനേ അവനെ മനസ്സിലാക്കുവാന്‍ കഴിയൂ. അവനോട്‌ മാത്രമെ ദൈവത്തെക്കുറിച്ച്‌ സംസാരിച്ചിരിക്കാന്‍ പറ്റുകയുള്ളു, അല്ലെങ്കില്‍ ഇത്തരമൊരു സംഭാഷണം വെറും 'തര്‍ക്കുത്തരങ്ങളായി' മാറും.

ചുരുക്കത്തില്‍, ദൈവം ഉണ്ട്‌ എന്ന് വിശ്വസിക്കുന്നവരോട്‌ മാത്രമേ ദൈവശാസ്ത്രപരമായി സംസാരിക്കാന്‍ പറ്റു, കാരണം ദൈവശാസ്ത്രം വിശ്വാസത്തില്‍ നിന്നാണ്‌ ആരംഭിക്കുന്നത്‌. പരിമിതമായാണെങ്കിലും വിശ്വാസത്തിന്റെ ഭാഷയില്‍ അത്‌ ദൈവത്തെ വര്‍ണ്ണിക്കുന്നു. മറിച്ച്‌, ദൈവശാസ്‌ത്രമോ! അതിന്‌ ദൈവമെവിടെ? എന്നു ചോദിക്കുന്നവരോട്‌ ദൈവത്തെക്കുറിച്ച്‌ അപ്രകാരം സംസാരിക്കാനാവില്ല. ഒരര്‍ത്ഥത്തില്‍ അവര്‍ ദൈവത്തെ ഒന്ന് നിഷേധിക്കാന്‍ പോലും പാടില്ല എന്ന് ചിന്തകര്‍ പറയുന്നുണ്ട്‌. സ്വയം തിരിച്ചറിയാത്ത ഒന്നിനെ എങ്ങനെ ഞാന്‍ നിഷേധിക്കുന്നു എന്നു പറയും? തനിക്ക്‌ അറിവുള്ള ഒരു കാര്യത്തെയല്ലെ ഒരുവന്‌ അംഗീകരിക്കാനോ നിഷേധിക്കാനോ കഴിയൂ? ഒരു പരിഹാരം മാത്രം, തിരിച്ചറിയാനായി അന്വേഷിച്ചിറങ്ങുക. കണ്ടെത്തുന്നതുവരെ താന്‍ കണ്ടെത്തിയില്ല എന്ന് മാത്രം പറയുക, താന്‍ കാണാത്തതുകൊണ്ട്‌ അപരനും കണ്ടിട്ടില്ല എന്നു പറയരുതേ. കണ്ടെത്തുമ്പോള്‍ ഭാഷകള്‍ പരസ്പരം തിരിച്ചറിഞ്ഞുതുടങ്ങും.

എങ്കിലും, ഇവിടെ മറ്റൊരു സാധ്യത അവശേഷിക്കുന്നു. ദൈവത്തെക്കുറിച്ച്‌ ദെവശാസ്ത്രപരമല്ലാതെ സ്വാഭാവികയുക്തി കൊണ്ട്‌ വിവരിക്കാവുന്ന സാധ്യത, ഒരുവനെ വിശ്വാസത്തിലേക്ക്‌ നയിക്കാവുന്ന ചില അടിസ്ഥാന വസ്തുതകള്‍. ഇവയെക്കുറിച്ച്‌ അടുത്തലക്കത്തില്‍ തുടരാം.